ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്നതിന് പുതിയ തെളിവുകള്‍ പുറത്ത് വന്നു.
പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ ക്ലിഫ്ടണ്‍ റോഡിലെ വസതിയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ദാവൂന്റെ ഫോണ്‍ ബില്ലുകളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദാവൂദിന്റെ പുതിയ ചിത്രവും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷമാണ് ദാവൂദിന്റെ ചിത്രം പുറത്തുവരുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ ഇന്ത്യ ഈ തെളിവുകള്‍ ഹാജരാക്കും.
കറാച്ചിയില്‍ ദാവൂദ് താമസിക്കുന്ന സ്ഥലത്തെ 2015 ഏപ്രിലിലെ ഫോണ്‍ ബില്ലാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, കറാച്ചിയില്‍ രണ്ട് വീടുകളും ദാവൂദിനുണ്ട്. ഇവയുടെ മേല്‍വിലാസവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ കൈവശം പാകിസ്ഥാന്റെ മൂന്നു പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന പുതിയ ചിത്രത്തില്‍ മുഖം വൃത്തിയായി വടിച്ചിട്ടുണ്ട്. ഇതോടൊപ്പം സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.
ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെവ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പാകിസ്ഥാന്‍ തള്ളുകയും ചെയ്തു. ദാവൂദിന്റെ ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖ്, മകന്‍ മോയിന്‍ നവാസ്, പുത്രിമാരായ മാഹ്‌രൂക്, മെഹ്‌റീന്‍, മാസിയ എന്നിവരും ക്‌ളിഫ്ടണിലാണ് താമസം. മോയീന്‍ വിവാഹം ചെയ്തിരിക്കുന്നത് സാനിയയേയും മാഹ്‌രൂഖ് വിവാഹം ചെയ്തിരിക്കുന്നത് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദിനേയുമാണ്.
ദാവൂദിന്റെ കുടുംബം പാകിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്തതിനുള്ള രേഖകളും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദാവൂദുമായി അടുത്ത് ബന്ധമുള്ള ജാബിര്‍ സാദിഖ്, ജവൈദ് ഛോട്ടാനി, ചിക്‌ന എന്ന ജാവേദ് പട്ടേല്‍ എന്നിവരെല്ലാം പാകിസ്ഥാനില്‍ നിന്ന് ദുബായില്‍ വന്നിട്ടുണ്ട്. സിദ്ദിഖ്, ജൂലായ് 20ന് ദുബായില്‍നിന്ന് കറാച്ചിയിലും എത്തിയിരുന്നു. ഇത് ദാവൂദിനെ കാണാനാണ് എന്നാണ് കരുതപ്പെടുന്നത്.


