ദസ്‌റ ആഘോഷങ്ങള്‍ക്കിടെ ദുരന്തം: 32മരണം

പാറ്റ്‌ന: ബിഹാറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് 32 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. പാറ്റ്‌നയിലെ രാംഗുലാം ചൗക്കിന് പുറത്തുള്ള ഗാന്ധി മൈതാനത്തിലാണ് സംഭവം. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആഘോഷങ്ങള്‍ക്ക് ശേഷം മൈതാനത്തിന് പുറത്തേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ബിഹാര്‍ ആഭ്യന്തര സെക്രട്ടറി അമീര്‍ സുബ്ഹാനി പറഞ്ഞു. പരുക്കേറ്റവരെ പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കഴിഞ്ഞ ശേഷം ആളുകള്‍ പുറത്തേക്ക് പോകുമ്പോഴാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഗാന്ധി മൈതാനത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകട കാരണം. വൈദ്യുതി കമ്പി പൊട്ടി വീണതായുള്ള വാര്‍ത്ത പരന്നതോടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന് പറയപ്പെടുന്നു.
ബിസിനസ്സ്

Top