ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വെടിയേറ്റു മരിച്ചു : അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീം നായകനും ഗോള്‍ കീപ്പറുമായ സെന്‍സൊ മെയ്വ (27) വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയിലെ മുന്‍നിര ക്ലബ് ഒര്‍ലാന്‍ഡൊ പൈറേറ്റ്‌സിന്റെ താരമാണ്. ജൊഹാന്നസ്ബര്‍ഗിനു സമീപം വൊസ്ലൂറസി പ്രാന്തത്തിലുള്ള വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ ആക്രമികളാണ് വെടിവച്ചതെന്ന് പൊലീസ്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൂന്നു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ വീട്ടില്‍ കയറുകയും മൂന്നാമന്‍ പുറത്ത് കാവല്‍നില്‍ക്കുകയുമായിരുന്നു.

ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയെന്നും, പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ സൊളൊമന്‍ മക്‌ഗെയ്ല്‍.കാമുകിയും പോപ് ഗായികയുമായ കെല്ലി ഖുമാലൊയുടെ വീട്ടിലാണ് സംഭവമെന്നും റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട അക്രമികള്‍ക്ക് മെയ്വ അതു നല്‍കിയില്ലെന്നും, അവര്‍ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പകരക്കാരനായി ടീമിലെത്തി നായകന്‍ വരെയായ ചരിത്രമാണ് സെന്‍സൊ മെയ്വയുടേത്. ഗോള്‍ കീപ്പറും നായകനുമായിരുന്ന ഇതുമെലെങ് ഖുനെയ്ക്ക് പരുക്കേറ്റതോടെ ഈ വര്‍ഷം ആദ്യം മെയ്മ ടീമിലെത്തിയത്.

ഇദ്ദേഹത്തിന്റെ മികവില്‍ സുഡാന്‍, കോംഗൊ ബ്രസവില്ലെ ടീമുകളെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക, കോംഗൊ, നൈജീരിയ ടീമുകളെ സമനിലയിലും തളച്ചു. ഈ ടീമുകളോട് ഇത്തരമൊരു ഫലം ആദ്യം. ഈ മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല ഇദ്ദേഹം. ഈ പ്രകടനം 2015 ആഫ്രിക്ക നേഷന്‍സ് കപ്പിലേക്കും ദക്ഷിണാഫ്രിക്കയ്ക്ക് യോഗ്യത നേടിക്കൊടുത്തു.

Top