ത്യാഗരാജന്‍ വീണ്ടും മലയാളത്തില്‍

ത്യാഗരാജന്‍ വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന മറിയം മുക്ക് എന്ന ചിത്രത്തിലൂടെയാണ് ത്യാഗരാജന്‍ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തുന്നത്. ഫഹദ് ഫാസിലിന്റെ വളര്‍ത്തച്ഛന്റെ വേഷമാണ് ത്യാഗരാജന്. നാട്ടില്‍ വലിയ സ്വാധീനമുള്ള ധനികനായ മരിയാന്‍ ആശാന്‍ എന്ന കഥാപാത്രത്തെയാണ് ത്യാഗരാജന്‍ തന്റെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പൂര്‍ണമായും വില്ലന്‍ കഥാപാത്രമെന്നോ, നന്മനിറഞ്ഞ കഥാപാത്രമെന്നോ പറയാന്‍ കഴിയാത്ത വിധത്തിലാണ് ത്യാഗരാജന്‍ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുക. നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അദ്ദേഹത്തിന്റെ വില്ലന്‍ വേഷവും. സിദ്ദിഖ്-ദീലീപ് ടീമിന്റെ ബോഡിഗാര്‍ഡിലാണ് ത്യാഗരാജന്‍ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

ക്ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയാണ് ജയിംസ് ആല്‍ബര്‍ട്ട് മലയാളത്തില്‍ സജീവമാകുന്നത്. ജയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം മുക്ക്. ഈ മാസം അവസാനം കൊല്ലം തങ്കശേരി ബീച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പ്രദേശിവാസികളായ ചിലരെയും സിനിമയില്‍ അഭിനയിപ്പിക്കുന്നുണ്ട്. മുംബൈ പൊലീസിലൂടെ ശ്രദ്ധേയയായ ഹിമ ഡേവിസാണ് നായിക. നെടുമുടി വേണു, ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇര്‍ഷാദ്, ടിനി ടോം, ദേവി അജിത്ത് തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍.

Top