തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് ഇടപെടലുകളെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ

കോട്ടയം: ആലപ്പുഴ എം.എല്‍.എയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിനെതിരെ ഫേസ്ബുക്കിലൂടെ ഏറ്റുമുട്ടി വി.ടി. ബല്‍റാം എം.എല്‍.എ.

തോമസ് ഐസക്കിന്റെ ജൈവ പച്ചക്കറി കൃഷിയെയും മാലിന്യ സംസ്‌കരണത്തെയും പരിഹസിച്ചും വിമര്‍ശിച്ചുമാണ് വി.ടി. ബല്‍റാമിന്റെ പോസ്റ്റ്. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലെ കൃഷിഓഫീസറുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയെന്നോണമാണ് ബല്‍റാമിന്റെ പോസ്റ്റ്.

‘ജൈവകൃഷിയേയും മാലിന്യ സംസ്‌ക്കരണത്തേക്കുറിച്ചുമൊക്കെ മാത്രം പോസ്റ്റിട്ട് എല്ലാവര്‍ക്കും, പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിനു, സ്വീകാര്യനായ നല്ലപിള്ള ചമയലും അതുവഴി ‘സാറിലാണു ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ’ എന്ന് പറയിപ്പിക്കലുമാണല്ലോ ഈയിടെയായി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ ഒരു പൊതു ലൈന്‍’ എന്നിങ്ങനെയാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആദ്യ ഭാഗം ആരംഭിക്കുന്നത്.

നവമാധ്യമമായ ഫെയ്‌സ്ബുക്കിലെ തോമസ് ഐസക്കിന്റെ സജീവ ഇടപെടലിനെയും അഭിപ്രായങ്ങളെയും ആശയങ്ങളെയും കടന്നാക്രമിച്ചാണ് ബല്‍റാമിന്റെ എഫ്.ബി പോസ്റ്റ്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘തൃത്താല കൃഷിഭവനിലെ ഒരു കൃഷി ഓഫീസറുടെ സ്ഥലം മാറ്റമാണു ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആലപ്പുഴ എംഎല്‍എയുമായ ഡോ. തോമസ് ഐസക്കിന്റെ ഏറ്റവും വലിയ ആകുലത. ജൈവകൃഷിയേയും മാലിന്യസംസ്‌ക്കരണത്തേ കുറിച്ചുമൊക്കെ മാത്രം പോസ്റ്റിട്ട് എല്ലാവര്‍ക്കും, പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിനു, സ്വീകാര്യനായ നല്ലപിള്ള ചമയലും അതുവഴി ‘സാറിലാണു ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ’ എന്ന് പറയിപ്പിക്കലുമാണല്ലോ ഈയിടെയായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഒരു പൊതു ലൈന്‍. വെട്ടും കുത്തും തൊഴിലാക്കിയ ചിരിക്കാനറിയാത്ത രൗദ്രമുഖങ്ങളുമായുള്ള താരതമ്യത്തില്‍ തന്റെ ഇത്തരം പ്രതിച്ഛായാനിര്‍മ്മിതികള്‍ക്കുള്ള പാര്‍ലമെന്ററി സാധ്യത അദ്ദേഹം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. തോമസ് ഐസക്കിന്റെ പാര്‍ട്ടി ഒരു സംഘടനയുടെ പേരില്‍ സംഘടിപ്പിച്ച തൃത്താലയിലെ ഒരു പരിപാടിയില്‍ വെച്ചോ മറ്റോ അദ്ദേഹം ഈ കൃഷി ഓഫീസറെ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ടത്രേ.

അടുത്തിടെ അദ്ദേഹത്തോടൊപ്പമുള്ള മറ്റൊരു പരിപാടിയുടെ ഫോട്ടോയും കൃഷി ഓഫീസറുടെ ഫേസ്ബുക്ക് വാളില്‍ കണ്ടു. ഏതായാലും തോമസ് ഐസക്കിനു പരിചയമുള്ളവരും പ്രിയപ്പെട്ടവരുമായ എല്ലാ ഉദ്യോഗസ്ഥകളേയും തലയിലേറ്റിനടക്കേണ്ടത് എന്റെ ചുമതലയാണെന്ന മട്ടിലാണു അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. തൃത്താലയില്‍ അടുത്തിടെ സ്ഥലം മാറിയ രണ്ട് പോലീസ് എസ് ഐമാര്‍, എഇഒ, രണ്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍, മൂന്ന് വില്ലേജ് ഓഫീസര്‍മ്മാര്‍, രണ്ട് മെഡിക്കല്‍ ഓഫീസര്‍മ്മാര്‍, ഐസിഡിഎസ് സൂപ്പര്‍വ്വൈസര്‍, ഡയറി ഡവലപ്മന്റ് ഓഫീസര്‍ എന്നിവരുടെയൊക്കെ ട്രാന്‍സ് ഫറിനു പിന്നിലെ കൊടും ക്രൂരതകളും അന്താരാഷ്ട്ര ഗൂഢാലോചനകളുമൊക്കെ ഇതേപോലെ അദ്ദേഹം പുറത്തുകൊണ്ടുവരുമോ അതോ ഈയൊരു ഉദ്യോഗസ്ഥയുടെ കാര്യത്തില്‍ മാത്രമേ താത്പര്യമുള്ളോ എന്നത് കണ്ടുതന്നെ അറിയണം. ഏതായാലും ഏകപക്ഷീയമായി ഇത്ര എളുപ്പത്തില്‍ ആര്‍ക്കെങ്കിലും സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും കഴിയുന്ന ഒരാളാണു മുന്‍ ധനകാര്യമന്ത്രി കൂടിയായ തോമസ് ഐസക്ക് എന്ന് വരുന്നത് അദ്ദേഹത്തിനുതന്നെയാണു കുറച്ചിലാവുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ലാവണങ്ങളില്‍ത്തന്നെ എല്ലാക്കാലത്തും കഴിയണമെന്ന ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണു. എന്നാല്‍ അവിടെനിന്ന് സ്ഥാനചലനം സംഭവിക്കുമ്പോള്‍ അതിന്റെപേരില്‍ രാഷ്ട്രീയ ദുഷ്ടലാക്ക് വെച്ചുകൊണ്ട് ആരോപണമുന്നയിക്കുകയും രാഷ്ട്രീയക്കളികള്‍ക്ക് സ്വയം കരുവായി നിന്നുകൊടുക്കുകയും ചെയ്യുന്നതിലെ ഔചിത്യമില്ലായ്മ ഏതൊരാള്‍ക്കും അറിയാം. കഴിഞ്ഞ എത്രയോ വര്‍ഷമായി പ്രസ്തുത ഓഫീസര്‍ തൃത്താലയില്‍ അടയിരിക്കുകയാണു. 2012ല്‍ത്തന്നെ ഇവര്‍ക്ക് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരുന്നു. അന്ന് ഇതേപോലെ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വകുപ്പുമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണു ആ സ്ഥലം മാറ്റം വേണ്ടെന്ന് വച്ചത്. ഇക്കാര്യം പറഞ്ഞ് ഈ ഓഫീസര്‍ എനിക്ക് ഫേസ്ബുക്കില്‍ അയച്ച മെസേജുകള്‍ സാമാന്യമര്യാദയുടെ പേരില്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ല. എന്നാല്‍ എല്ലാക്കാലത്തും ഏതെങ്കിലുമൊരു ഉദ്യോഗസ്ഥയെ ഏതെങ്കിലുമൊരു സ്ഥലത്ത് തന്നെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എനിക്കേറ്റെടുക്കാന്‍ കഴിയില്ല എന്ന് സിപിഎം നേതാവ് ദയവായി മനസ്സിലാക്കണം.

തോമസ് ഐസക്കിന്റെ പാര്‍ട്ടിയായ സിപിഎമ്മാണു തൃത്താല നിയോജക മണ്ഡലത്തിലെ തൃത്താല പഞ്ചായത്ത് അടക്കം നാലു പഞ്ചായത്തുകള്‍ ഭരിക്കുന്നത്. അന്ധമായ കക്ഷി രാഷ്ട്രീയ വിരോധം കാരണം കഴിഞ്ഞ നാലു വര്‍ഷത്തിലേറെക്കാലത്ത് കാര്യമായ ഒരു ഔദ്യോഗിക പരിപാടിക്ക് പോലും ഈ നാലു പഞ്ചായത്തുകളിലും സ്ഥലം എം.എല്‍.എ. ആയ എനിക്ക് ക്ഷണമുണ്ടായിട്ടില്ല. പിന്നെയും ഒന്നുരണ്ട് പരിപാടികളില്‍ ഞാന്‍ പങ്കെടുത്തത് ഇതേ തൃത്താല കൃഷിഭവന്റേതാണു. മറ്റ് പഞ്ചായത്തുകളില്‍ അതുമുണ്ടായിട്ടില്ല. അതുകൊണ്ട് എന്നെ ഏതെങ്കിലും പരിപാടിക്ക് ക്ഷണിക്കുകയോ ക്ഷണിക്കാതിരിക്കുകയോ ചെയ്യുന്നത് എനിക്ക് അവരോടങ്ങോട്ടുള്ള സമീപനത്തില്‍ ഒരു വ്യത്യാസവും ഉണ്ടാക്കിയിട്ടില്ല എന്ന് തുറന്ന് പറയട്ടെ.

സിപിഎം നേതൃത്ത്വത്തിലുള്ള തൃത്താല പഞ്ചായത്ത് ഭരണസമിതിയേക്കുറിച്ചുള്ള നാട്ടുകാരുടേയും സ്വന്തം പാര്‍ട്ടിക്കാരുടെ തന്നെയും അഭിപ്രായങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗം ഒന്ന് മനസ്സിലാക്കിവെക്കുന്നത് നല്ലതായിരിക്കും. അഴിമതിയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ പിഴയടക്കാന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഈയിടെയാണു പഞ്ചായത്ത് പ്രസിഡണ്ടിനോടും ഭരണസമിതിയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഭരണസമിതിയുടെ ഒത്താശയില്‍ ഭരണപക്ഷ മെമ്പറുടെ നേതൃത്ത്വത്തില്‍ ഏതാനും മാസം മുന്‍പ് കൃഷി വകുപ്പിനു കീഴിലുള്ള സ്ഥലത്തെ ചില മരങ്ങള്‍ അനധികൃതമായി മുറിച്ച് കടത്തുമ്പോള്‍ നാട്ടുകാര്‍ ചേര്‍ന്നാണു വളഞ്ഞിട്ട് പിടിച്ചത്. മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും നിരവധി ജനകീയ സമരങ്ങള്‍ നടക്കുകയും ചെയ്ത ഈ വിഷയത്തില്‍ തനിക്ക് സംരക്ഷണച്ചുമതലയുള്ള ഒരു സ്ഥലത്തുനിന്ന് നടന്ന മോഷണത്തിനെതിരെ ഒരു പരാതിപോലും നല്‍കാന്‍ തയ്യാറാവാതെ പ്രതികളുമായി ഒത്തുകളിക്കുകയായിരുന്നു പ്രസ്തുത കൃഷി ഓഫീസര്‍.

വകുപ്പിലെ മേലുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലും ജില്ലാ കളക്റ്ററുടെ നിര്‍ദ്ദേശാനുസരണം ഐ.എ.എസുകാരനായ ഒറ്റപ്പാലം സബ് കളക്റ്ററുടെ നേതൃത്ത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലും ഈ സംഭവത്തില്‍ കൃഷി ഓഫീസര്‍ കുറ്റക്കാരി ആണെന്ന് കണ്ടെത്തുകയും അവര്‍ക്കെതിരെ വകുപ്പുതലത്തില്‍ ശക്തമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ടെന്നാണറിവ്. ഇതിന്റെയൊക്കെ ഭാഗമായി സ്വാഭാവികമായി ഉണ്ടായ സ്ഥലം മാറ്റത്തേക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി വിലപിച്ച് ഇരവാദമുന്നയിക്കുന്നത് ഒരുപക്ഷേ കൂടുതല്‍ ശക്തമായ നടപടികളുണ്ടാവുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രം മാത്രമായിരിക്കാം. തോമസ് ഐസക്ക് അറിവില്ലായ്മകൊണ്ട് ഈ ട്രാപ്പില്‍ വീഴുകയായിരുന്നോ അതോ അറിഞ്ഞുകൊണ്ട് ഇത്തരക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണോ എന്നത് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണു.

കൃഷി ഓഫീസറെ പ്രശംസിക്കാനാണെങ്കിലും തൃത്താലയിലെ കാര്‍ഷിക രംഗത്തെ ഉണര്‍വ്വിനെ സി പി എം നേതാവ് അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അദ്ദേഹം വരുത്തിത്തീര്‍ക്കാനാഗ്രഹിക്കുന്ന പോലെ ഇതേതെങ്കിലും ഒരു കൃഷിഭവന്റെയോ ഒരുദ്യോഗസ്ഥയുടേയോ മാത്രം വിജയകഥയല്ല. ഇവിടെയുള്ള മറ്റ് ഏഴ് കൃഷി ഭവനുകളും ഒന്നിനൊന്ന് മികച്ച പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്. അതിന്റെ ഭാഗമായി ഏതാണ്ട് 400 ഹെക്റ്ററോളം സ്ഥലത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടിണ്ട്. പച്ചക്കറികൃഷിയും വ്യാപകമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിറവ് പദ്ധതിയും വി.എഫ്.പി.സി.കെ. അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പച്ചക്കറി വികസനത്തിനായുള്ള പ്രത്യേക പദ്ധതികളുമൊക്കെ തൃത്താലയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതുകൊണ്ടാണു ഇങ്ങനെ പല നേട്ടങ്ങളും ഉണ്ടാകുന്നത്. നാല്‍പ്പത് കൊല്ലമായി മുടങ്ങിക്കിടന്നിരുന്ന തേനാമ്പാറ ഇറിഗേഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും വിജയം കാണുകയാണു.

സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളൊക്കെ കൃത്യമായി നടപ്പാക്കുക എന്ന ചുമതലയാണു ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കേണ്ടത്. ഫേസ്ബുക്കിലെ സെല്‍ഫ് പ്രൊമോഷനില്‍ അല്‍പ്പം പിന്നാക്കമാണെങ്കിലും മറ്റ് എല്ലാ കൃഷി ഓഫീസര്‍മ്മാരും അവരവരുടെ ചുമതലകള്‍ വളരെ ഭംഗിയായിത്തന്നെ നിര്‍വ്വഹിച്ചുവരുന്നുണ്ട്. ഇത്തവണത്തെ സംസ്ഥാനത്തെ ഏറ്റവും നല്ല കൃഷി ഓഫീസര്‍മ്മാര്‍ക്കുള്ള അവാര്‍ഡുകളിലൊന്ന് നേടിയത് ഈ മണ്ഡലത്തിലുള്ള ആനക്കര കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടിലാണു. തോമസ് ഐസക്കിന്റെ നേതാവ് ശ്രീ. പിണറായി വിജയന്‍ തന്നെ ഈയിടെ നടന്ന ഒരു പരിപാടിയില്‍ വെച്ച് ഈ ഓഫീസര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചിരുന്നു. ഇദ്ദേഹത്തിനാണു ഇപ്പോള്‍ തൃത്താല കൃഷി ഓഫീസറുടെ ചാര്‍ജ്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ കാലാകാലങ്ങളിലുള്ള സ്വാഭാവികമായ ഭരണ നടപടികളുടെ ഭാഗമാണു. ഏതായാലും ഏതെല്ലാം ഉദ്യോഗസ്ഥരെ എങ്ങോട്ടെല്ലാം സ്ഥലം മാറ്റണമെന്ന കാര്യത്തില്‍ തല്‍ക്കാലം എ.കെ.ജി. സെന്ററില്‍ നിന്നോ പ്രാദേശിക സി പി എം പാര്‍ട്ടി ഓഫീസില്‍ നിന്നോ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല. ഈയടുത്ത കാലത്തൊന്നും അങ്ങനെയൊരു അവസ്ഥ കേരളത്തില്‍ തിരിച്ചുവരില്ല എന്നാണു സമീപകാലത്തെ രാഷ്ട്രീയ സൂചനകളും. അതുകൊണ്ട് തോമസ് ഐസക്കിന്റെ ഇത്തരം അസ്വസ്ഥതകള്‍ ഇനിയും കൂടാനേ സാധ്യതയുള്ളൂ’.

Top