തോട്ടകാരനായ ഇബ്രാഹിംകുഞ്ഞ് കോടീശ്വരനായത് എങ്ങിനെ? ഇബ്രാഹിംകുഞ്ഞിനെതിരെ ഗണേഷ്‌

കൊച്ചി: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ലോകായുക്തയ്ക്കു മുന്നില്‍ തെളിവുകള്‍ ഹാജരാക്കി. രേഖകള്‍ വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും കേസ് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
മന്ത്രിയുടെ സ്വത്തുവിവരത്തെക്കുറിച്ച് അന്വേഷിക്കണം. 1983 ല്‍ കോമിന്‍കോ ബിനാമി പ്രിന്റ് ലിമിറ്റഡിന്റെ വെറുമൊരു തോട്ടക്കാരനായിരുന്നു ഇബ്രാഹിംകുഞ്ഞ്. തോട്ടക്കാരനില്‍ നിന്നും എങ്ങനെ ഇത്ര വലിയ സ്വത്തിന് ഉടമയായെന്നു ഗണേഷ് കുമാര്‍ ചോദിച്ചു.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനത്തിന്റെയും ജീവന്റെയും വിലയുണ്ടെന്ന് ഗണേഷ് കുമാര്‍ കോടതിമുറിയില്‍ വിതുമ്പിക്കൊണ്ടു പറഞ്ഞു. അന്വേഷണം നടത്തിയാല്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായിരിക്കും പുറത്തുവരിക. അഴിമതി പുറത്തുപറഞ്ഞാല്‍ ആയിരത്തിന്റെ നോട്ടുകൊണ്ട് വായ്മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും ഗണേഷ് വ്യക്തമാക്കി.

വിശദമായ സത്യവാങ്മൂലം എപ്രില്‍ 16 ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. ആദ്യം പാലക്കാട്ടു നടന്ന ഒരു യോഗത്തിലും തുടര്‍ന്ന് നിയമസഭയിലുമായിരുന്നു ഗണേഷ്‌കുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുണ്ടെന്നായിരുന്നു ഗണേഷ്‌കുമാറിന്റെ ആരോപണം. അഴിമതിയാരോപണത്തില്‍ തെളിവ് സമാഹരിക്കാന്‍ രണ്ടുമാസത്തെ സമയം ആവശ്യപ്പെട്ട ഗണേഷിന് മാര്‍ച്ച് 30 വരെ ലോകായുക്ത സമയം അനുവദിക്കുകയായിരുന്നു. നിയമസഭയില്‍ ഗണേഷ് നടത്തിയ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ മന്ത്രിക്കും ഓഫീസിനും എതിരായ അഴിമതി ആരോപണത്തില്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് ഗണേഷ് കുമാര്‍ ലോകായുക്തയില്‍ ഹാജരായി അറിയിക്കുകയായിരുന്നു.

Top