തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യല്‍ നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്ത് വോട്ടു ചെയ്യല്‍ നിര്‍ബന്ധമാക്കിയ ആദ്യ സംസ്ഥാനമെന്ന ‘ക്രെഡിറ്റ് ‘ ഗുജറാത്തിന് സ്വന്തം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന സമയത്തു കൊണ്ടുവന്ന ബില്ലാണിത്. അടുത്തുവരുന്ന കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാത്തവര്‍ക്ക് പുതിയ നിയമപ്രകാരം ശിക്ഷയുണ്ടാകും.

എന്നാല്‍, എന്താണു ശിക്ഷയെന്നു നോട്ടിഫിക്കേഷനില്‍ പറയുന്നില്ല. ശിക്ഷയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.

അതേസമയം, ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

Top