തെക്കന്‍ ചൈനാക്കടല്‍ പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടെന്ന് ചൈന

ബീജിങ്: തെക്കന്‍ ചൈനാക്കടലിലെ പ്രശ്‌നങ്ങളില്‍ ഇന്ത്യയും യുഎസും ഇടപെടേണ്ടെന്ന് ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടെ ഇക്കാര്യം ചര്‍ച്ച ചെയ്തതിനോടുള്ള ചൈനയുടെ ആദ്യ പ്രതികരണമാണിത്. എന്നാല്‍ സമുദ്രാതിര്‍ത്തി വിഷയത്തില്‍ മൂന്നാം പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വിവാദം നിലനില്‍ക്കുന്ന രാജ്യവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തങ്ങള്‍ക്ക് ആകുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം മോദി സെപ്റ്റംബര്‍ 30ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ചൈനാക്കടല്‍ വിവാദത്തെ പരാമര്‍ശിച്ചത്. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ചൈനയില്‍ ഔദ്യോഗിക അവധിയായതിനാലാണ് പ്രതികരണം വൈകിയത്. തെക്കന്‍ ചൈനാക്കടലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചൈന തര്‍ക്കത്തിലാണ്. ഏറെ വിഭവസമൃദ്ധമായ കടലിന്റെ 90 ശതമാനവും തങ്ങളുടേതാണെന്ന നിലപാടിലാണ് ചൈന.

Top