കൊച്ചി: തൃക്കാക്കര പിടിക്കാൻ ഇടതുപക്ഷം രംഗത്തിറക്കിയ ഡോ ജോ ജോസഫ് കൊച്ചി നഗരത്തിലെ ജനകീയനായ ഡോക്ടറാണ്. കാരുണ്യ പ്രവർത്തന രംഗത്തു മാത്രമല്ല, നിരവധി ജനകീയ പ്രശ്നങ്ങളിലും ഇടപെട്ട അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷ ക്യാംപിൽ മാത്രമല്ല, പൊതു സമൂഹത്തിനിടയിലും വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ അണികൾ ഈ സ്ഥാനാർത്ഥിത്വം ആഘോഷമാക്കിയിരിക്കുകയാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ജോ ജോസഫിലൂടെ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരുള്ളത്. നിഷ്പക്ഷ വോട്ടുകളെ വലിയ രൂപത്തിൽ സ്വാധീനിക്കാൻ ശേഷിയുള്ള സ്ഥാനാർത്ഥികൂടിയാണ് ജോ ജോസഫ്.
വാഴക്കാല സ്വദേശിയായ അദ്ദേഹം ലിസി ആശുപത്രിയിലെ എന്നല്ല, കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധനാണ്. പൂഞ്ഞാര്‍ കളപ്പുരയ്ക്കന് കുടുംബാംഗവുമാണ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് അദ്ദേഹം ജനിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ ജോസഫ്, കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയാണ് ശ്രദ്ധേയനായത്.
സാമൂഹ്യ പ്രവര്ത്തകൻ എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനാണ്. ഹൃദയപൂര്‍വ്വം ഡോക്ടര്‍ എന്ന പുസ്തകത്തിന്റെ രചിയിതാവുകൂടിയാണ്. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന് ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.