തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ചതായി പരാതി

തിരുവനന്തപുരം: യു.കെ.ജി വിദ്യാര്‍ഥിയെ സ്‌കൂളില്‍ പട്ടിക്കൂട്ടിലടച്ചതായി പരാതി. തിരുവനന്തപുരം കുടപ്പനക്കുന്ന് പാതിരപ്പളളിയിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെ പൊലീസ് അറ്‌സ്റ്റ് ചെയ്തു.സഹപാഠിയോട് സംസാരിച്ചതിനെ തുടര്‍ന്നാണ് നാലു വയസുകാരനെ പട്ടിയുടെ കൂട്ടില്‍ അടച്ചത്. പട്ടിയെ കൂട്ടിന് പുറത്താക്കിയ ശേഷം കുട്ടിയെ അതിനുള്ളില്‍ അടച്ചിടുകയായിരുന്നു.

മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി സ്‌കൂളിലെത്തിയെങ്കിലും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. സ്‌കൂളിന്റെ നടത്തിപ്പിനെക്കുറിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ഇതുവരെയും അംഗീകാരമൊന്നും ലഭിച്ചിട്ടില്ല. സംഭവം വിവാദമായതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡി.പി.ഐ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ.മുനീറും പറഞ്ഞു

Top