കൊല്ലങ്കോട്: തിരുവനന്തപുരം പൊഴിയൂരില്‍ കടലില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. തമിഴ്‌നാട്ടിലെ കൊല്ലങ്കോട്ടു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണു കണ്ടെത്തിയത്. ശക്തമായ കാറ്റും മഴയും മൂലം ഇന്നലെ രാത്രി തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. തിരുനല്‍വേലിയില്‍ നിന്നെത്തിയ 20 അംഗ സംഘത്തിലെ അഞ്ചു പേരെയാണ് ഇന്നലെ കാണാതായത്. തിരുനല്‍വേലി തണ്ടലപേട്ടില്‍ മേലേപാളയം സയൂബ(30), സുപുര്‍നിസ (13), സുഹൈല്‍ (14), മര്‍സുഖ (14), ഫാത്തിമ (12) എന്നിവരെയാണു കാണാതായത്.
തിരുന്നല്‍വേലി മേലെ പാളയം സ്വദേശികളാണ് ഇവര്‍. പൊലീസും ഫയര്‍ഫോഴ്‌സും കോസ്റ്റ്ഗാര്‍ഡും സംയുക്തമായാണു തെരച്ചില്‍ നടത്തുന്നത്. ശക്തമായ കാറ്റും മഴയും, പ്രക്ഷുബ്ധമായ കടലും രക്ഷാപ്രവര്‍ത്തനം ക്ലേശകരമാക്കിയതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ തെരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.


