തമിഴ് പത്രം ദിനമലറിന്റെ ഓഫീസിലും പാരീസ് മോഡല്‍ ആക്രമണ ഭീഷണി

ചെന്നൈ: തമിഴ്‌നാട്ടിലും ഫ്രെഞ്ച് വാരികയായ ‘ഷാര്‍ളി എബ്ദോ’ മോഡല്‍ ആക്രമണം നടക്കുമെന്ന് ഭീഷണി. തമിഴ്‌നാട്ടിലെ ‘ദിനമലര്‍’ എന്ന ദിനപത്രത്തിന്റെ ഓഫീസിലേക്കാണ് ഭീഷണിക്കത്ത് വന്നത്. കത്ത് ലഭിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇംഗ്ലീഷിലാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ‘ഇന്നലെ പാരീസിലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍’ എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലെതന്നെ കോവായ് എന്ന സ്ഥലത്തു നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. എന്നാല്‍ ഇതു യഥാര്‍ത്ഥമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ത്യയുടെ മാപ്പിന് മേലാണ് വാക്കുകള്‍ എഴുതിയിരിക്കുന്നത്. മാപ്പിനടിയില്‍ ഒസാമ ബിന്‍ലാദന്റെ ചിത്രവും ചില അറബിക്ക് വാക്കുകളും ഉണ്ട്.

ഭീഷണി കത്ത് അയച്ചത് ആരാണെന്നും പിന്നിലെ ലക്ഷ്യമെന്തെന്നും എല്ലാം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. ഇത് ആരെങ്കിലും കബളിപ്പിക്കാന്‍ വേണ്ടി അയച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.

ഭീഷണികത്തിനെ തുടര്‍ന്ന് ദിനമലര്‍ ഓഫീസില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Top