തന്റെ ലെറ്റര്‍ഹെഡില്‍ അക്ഷരത്തെറ്റ്; സ്മൃതി ഇറാനി വിശദീകരണം തേടി

ന്യൂഡല്‍ഹി: തന്റെ ലെറ്റര്‍ ഹെഡില്‍ അക്ഷരത്തെറ്റ് വന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി മന്ത്രാലയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. മന്ത്രിയുടെ പേരില്‍ അയയ്ക്കുന്ന എഴുത്തിന്റെ മേല്‍ഭാഗത്ത് മന്ത്രിയുടെ വിലാസവും പദവിയും രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് അക്ഷരത്തെറ്റ് വന്നത്.

ലെറ്റര്‍ ഹെഡില്‍ മന്ത്രി എന്നര്‍ത്ഥമുള്ള മിനിസ്റ്റര്‍ എന്നെഴുതിയിരിക്കുന്നതിലും സന്‍സധന്‍ (റിസോഴ്‌സസ്) എന്നെഴുതിയിരിക്കുന്നതിലുമാണ് അക്ഷരത്തെറ്റ് കടന്നുകൂടിയത്.

പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് കാരണക്കാരായ അധ്യാപകരെ അഭിനന്ദിച്ച് മന്ത്രി അയച്ച കത്തിലാണ് അക്ഷരത്തെറ്റ് വന്നത്. തെറ്റ് കണ്ടുപിടിച്ച അദ്ധ്യാപകരില്‍ ഒരാള്‍ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രിയെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.

Top