തന്റെ തിരിച്ചുവരവില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് കൊഹ്‌ലിയും ശാസ്ത്രിയും: ഹര്‍ഭജന്‍

ഹരാരെ: രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവില്‍ ഏറ്റവുംകൂടുതല്‍ സ്വാധീനം ചെലുത്തിയത് ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയും ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുമാണെന്ന് ഹര്‍ഭജന്‍ സിംഗ്. ടീമിന് തന്നെ ആവശ്യമുണ്ടെന്ന തോന്നലുണ്ടാക്കിയത് കൊഹ്‌ലിയും ശാസ്ത്രിയുമാണെന്നും ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ വ്യക്തമാക്കി.

നീണ്ട ഇടവേളയ്ക്കുശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിലെത്തിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ ഒരുപാട് പുതുമുഖങ്ങളാണ് എന്നെ വരവേറ്റത്. ഇത്രയും പുതുമുഖങ്ങളുണ്ടായിട്ടും ഇപ്പോഴും ടീമിന്റെ ഭാഗമാകാനായത് എനിക്ക് ആത്മവിശ്വാസം നല്‍കി ഹര്‍ഭജന്‍ പറഞ്ഞു.

ടീമില്‍ നിന്ന് തഴഞ്ഞപ്പോഴും ടീമില്‍ തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസം ഞാന്‍ കൈവിട്ടിരുന്നില്ല. ടീമില്‍ നിന്ന് പുറത്തായശേഷം ഞാനില്ലാതെ ഇന്ത്യ 88 ടെസ്റ്റുകളില്‍ കളിച്ചു. ഇക്കാലയളവില്‍ ഒരേയൊരു ടെസ്റ്റിലെ ടീമില്‍ ഭാഗമാകണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിട്ടുള്ളു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിലായിരുന്നു അത്. ആ മത്സരം ഞാന്‍ ടിവിയില്‍ കണ്ടു.

കളിയില്‍ നിന്ന് വിട്ടുനിന്ന കാലഘട്ടത്തില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാറില്ലായിരുന്നുവെന്നും എന്നാല്‍ കൈവശമുള്ള ടാബില്‍ സ്‌കോര്‍ബോര്‍ഡ് നോക്കാറുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. ധോണി എത്രയടിച്ചു. കൊഹ്‌ലി എത്രയടിച്ചു ആരൊക്കെയാണ് വിക്കറ്റെടുത്തത് എന്നൊക്കെ അറിയാനായിരുന്നു ഇത്. ദീര്‍ഘമായ അഭിമുഖത്തില്‍ ഒരിടത്തുമാത്രമാണ് ധോണിയുടെ പേര് ഹര്‍ഭജന്‍ പരാമര്‍ശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Top