തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.
അടുത്തമാസം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കണം. ഗ്രാമപഞ്ചായത്തുകളുടെ വിഭജനം ഏറക്കുറെ പൂര്‍ത്തിയായെങ്കിലും നഗരസഭകളുടെ വിഭജനം അനിശ്ചിതത്വത്തിലാണ്. ഒക്ടോബര്‍ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.
കമ്മീഷന്റെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പുതിയ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ടാകില്ല. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുംവരെ കാത്തിരുന്നാല്‍ നടപടിക്രമങ്ങള്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനെയും ഗവര്‍ണറെയും അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ച് പുതിയ മുനിസിപ്പാലിറ്റികള്‍ രൂപവത്കരിച്ചത് ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.


