തിരുവനന്തപുരം: സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പോര് നിര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ 24-ന് നടത്താന്‍ ധാരണയായി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 24ന് ഒറ്റഘട്ടമായി നടത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുംവിധം തെരഞ്ഞെടുപ്പ് സമയക്രമീകരണം നടത്തും എന്ന സത്യവാങ്മൂലം അടുത്തമാസം മൂന്നിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനിലും 28 മുനിസിപ്പാലിറ്റികളിലും ഉള്‍പ്പെടെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താവുന്ന തരത്തിലുള്ള ഷെഡ്യൂള്‍ ആണ് സര്‍ക്കാര്‍ തയാറാക്കിയത്. നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത് ഒക്ടോബര്‍ 31നാണ്. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന ഡിസംബര്‍ ഒന്നുവരെ ഒരുമാസം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തും.
ഇക്കാര്യവും സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.
കമ്മീഷന്‍ ഇടത് രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രിസഭായോഗത്തില്‍ രൂക്ഷവിമര്‍ശനവുമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് സി.പി.എമ്മും കമ്മീഷന്റെ നിലപാടില്‍ രാഷ്ട്രീയം ആരോപിച്ച് ലീഗും രംഗത്തെത്തിയതോടെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന നീക്കത്തിലാണ് ഒരു മാസം വൈകി തെരഞ്ഞെടുപ്പ് നടത്താനുള്ള ഫോര്‍മുല ഉരുത്തിരിഞ്ഞത്.


