തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടി നേരിട്ടാല്‍ കോണ്‍ഗ്രസില്‍ നേതൃത്വമാറ്റമുണ്ടാകുമെന്ന് സൂചന.
നേതൃമാറ്റം നിരന്തരം ആവശ്യപ്പെടുന്ന ‘ഐ’ ഗ്രൂപ്പിന്റെ ആവശ്യം തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്ന നിലപാടിലാണ് ഹൈക്കമാന്റ്.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തെ മലര്‍ത്തിയടിച്ച് വന്‍വിജയം കരസ്ഥമാക്കാന്‍ യുഡിഎഫിന് സഹായകരമായത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ സാന്നിധ്യവും എസ്എന്‍ഡിപി നിലപാടുമാണെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇക്കാര്യം ഹൈക്കമാന്റിന് മുന്നില്‍ വിശദമായി കണക്കുകള്‍ സഹിതം അവതരിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാരിനെതിരായ വികാരം ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണെന്നും പ്രതിപക്ഷവോട്ടുകളുടെ ഭിന്നതയില്‍ രക്ഷപ്പെടുന്ന സാഹചര്യം എപ്പോഴും നടക്കണമെന്നില്ലെന്നുമാണ് അവരുടെ വാദം.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയ വന്‍വിജയം ഇത്തവണ യുഡിഎഫിന് നേടാന്‍ കഴിയില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ കണക്കു കൂട്ടല്‍.
അശാസ്ത്രീയമായ വാര്‍ഡ് വിഭജനം കോടതിതന്നെ ഭാഗീകമായി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍.
പഴയക്രമീകരണപ്രകാരം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുകയെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്. ഇക്കാര്യത്തില്‍ നിയമപോരാട്ടം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ സ്ഥാനം നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യമാണെന്നാണ് ആരോപണം.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ രമേശ് ചെന്നിതലയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തിറങ്ങാനാണ് ഗ്രൂപ്പ് തീരുമാനം. ഹൈക്കമാന്റിനെ സമ്മര്‍ദ്ദത്തിലാക്കാനാണിത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ ഗ്രൂപ്പിന്റെ പൊടിപോലും ഉണ്ടാകില്ലെന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്.
ഇപ്പോള്‍ ആഭ്യന്തരം,റവന്യൂ, ആരോഗ്യം, ടൂറിസം എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ എല്ലാവകുപ്പുകളും കൈയ്യാളുന്ന ഐ ഗ്രൂപ്പിന് അടുത്ത തവണ ഭരണം ലഭിച്ചാലും ഈ വകുപ്പുകള്‍ കിട്ടില്ലെന്നും ഒതുക്കപ്പെടുമെന്നുമുള്ള ഭീതിയാണുള്ളത്.
അതേസമയം, ഇരുഗ്രൂപ്പുകളും ഭയത്തോടെ കാണുന്നത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കരുനീക്കങ്ങളേയാണ്.
ഇരുഗ്രൂപ്പിലേയും ഒരു വിഭാഗം നേതാക്കളെ കൂടെ നിര്‍ത്തി എ കെ ആന്റണിയുടെ പിന്‍തുണയോടെ സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുമെന്നും നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നുമാണ് എ-ഐ ഗ്രൂപ്പുകള്‍ ഭയക്കുന്നത്.
ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ചെന്നിത്തലയെ പിന്‍തുണയ്ക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറാകണമെന്ന എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിക്ക് പിന്‍തുണ നല്‍കുകയാണ് ഐ ഗ്രൂപ്പ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി എ ഗ്രൂപ്പും ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.
കാര്യങ്ങള്‍ എന്തായാലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയമാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.


