ഡോളോ കമ്പനിയുടെ സൗജന്യം ലഭിച്ച ഡോക്ടര്‍മാര്‍ കുടുങ്ങും; നടപടി ഉടൻ

ന്യൂഡല്‍ഹി: മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ കുരുങ്ങുമെന്ന് ഉറപ്പ്. ഇവരുടെ രജിസ്‌ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇവര്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഡോളോ 650 ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്‌സിസിന്റെ ഓഫീസുകളില്‍ കഴിഞ്ഞമാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് മൈക്രോ ലാബ്‌സിന്റെ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിദേശയാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നല്‍കിയിരുന്നതായി കണ്ടെത്തിയത്.

ഇതിനായി ആയിരംകോടിയോളം രൂപ കമ്പനി ചെലവാക്കിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൈക്രോലാബ്‌സിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും നഷ്ടമാകും.

 

Top