ഡീസലിന് വില കുറച്ചേക്കും

ന്യൂഡല്‍ഹി: ഡീസലിന് ലിറ്ററിന് രണ്ടുരൂപ കുറവുവരുത്താന്‍ സാധ്യത. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പിന്‍ബലത്തിലാണ് വില കുറയ്ക്കാന്‍ ആലോചന നടക്കുന്നത്. ഡീസലിനൊപ്പം പെട്രോളിനും ലിറ്ററിന് 50 പൈസ കുറവ് വരുത്തിയേക്കുമെന്നാണ് സര്‍ക്കാറും എണ്ണക്കമ്പനികളും നല്‍കുന്ന സൂചന.

അന്താരാഷ്ട്രവിപണില്‍ ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 96.7 ഡോളറാണ്. കഴിഞ്ഞ 14 മാസത്തിനിടെയിലുള്ള കുറഞ്ഞ നിരക്കാണിത്. ഇതിന്റെ പിന്‍ബലത്തില്‍ ഡീസലിന്റെ വിലനിയന്ത്രണം നീക്കാനും ശ്രമം നടക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് മുന്നില്‍ക്കണ്ട് പ്രകൃതിവാതകവില നിശ്ചയിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. മാത്രമല്ല, ഡീസല്‍വില കുറയ്ക്കാന്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയനേട്ടമാകുമെന്നാണ് എന്‍.ഡി.എ സര്‍ക്കാറിന്റെ വിലയിരുത്തല്‍.

എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ കഴിഞ്ഞ വര്‍ഷം ജനവരിമുതല്‍ ഡീസലിന് പ്രതിമാസം 50 പൈസവീതം വര്‍ധന വരുത്തിക്കൊണ്ടിരിക്കുകയാണ്.

Top