ഡല്‍ഹി ജനവിധി മോഡിക്ക് നിര്‍ണായകം; കോഴ വിവാദവും അനുകൂലമാക്കി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ലോകശ്രദ്ധ ആകര്‍ഷിക്കുന്ന തിരിഞ്ഞെടുപ്പായി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മാറുന്നു. ഇന്ത്യയുടെ തലസ്ഥാന നഗരത്തിന്റെ ഭരണം ആം ആദ്മി പിടിച്ചാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

ഇന്ത്യയിലെ ഭരണമാറ്റത്തെ തുടര്‍ന്ന് മോഡി ഉണ്ടാക്കിയ തരംഗം ലോകരാഷ്ട്രങ്ങളെ വലിയ രൂപത്തില്‍ സ്വാധീനിച്ചതും ജപ്പാന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ മോഡിയുടെ ആരാധകരായി മാറുകയും ചെയ്ത സാഹചര്യം മാറ്റി മറിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് കഴിയുമോയെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റു നോക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിനെ ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിച്ച് നയതന്ത്ര തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ നരേന്ദ്രമോഡിക്ക് അമേരിക്കന്‍ പ്രസിഡന്റ് മടങ്ങിയ ശേഷം ആദ്യം വരുന്ന തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് ഉള്‍വലിഞ്ഞ ആം ആദ്മി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയേയും കടത്തി വെട്ടി മുന്നേറുകയാണ്.

ഡല്‍ഹിയിലെ ചേരി നിവാസികളേയും സൈക്കിള്‍ റിക്ഷാക്കാരേയും ഓട്ടോ ഡ്രൈവര്‍മാരേയും ലക്ഷ്യമിട്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. അരവിന്ദ് കെജ്‌രിവാളിന് ഒരവസരം കൂടി നല്‍കണമെന്ന നിലപാട് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ സ്വീകരിച്ചത് ബിജെപിക്ക് കനത്ത പ്രഹരമായിട്ടുണ്ട്. മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ബേദിയെ രംഗത്തിറക്കി പ്രതിസന്ധികള്‍ മറികടക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്.

അതേസമയം ആം ആദ്മിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എമാരുടെ നിലപാട് വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. അവസരവാദികളെ കൂട്ടുപിടിച്ചത് ശരിയായില്ലെന്ന നിലപാട് ബിജെപിയിലെ ഒരു വിഭാഗം അണികള്‍ക്കിടയിലും ശക്തമാണ്.

ഡല്‍ഹി ‘പിടിക്കാന്‍’ കോണ്‍ഗ്രസും ബി.ജെ.പിയും വന്‍തോതില്‍ പണമിറക്കും എന്നു കണ്ടതോടെ പണം വാങ്ങിയാലും വോട്ട് ആംആദ്മിക്ക് ചെയ്യണമെന്ന് ആഹ്വാനം ചെയ്താണ് കെജ്‌രിവാള്‍ എതിരാളികളെ ഞെട്ടിച്ചത്. നല്‍കുന്ന പണം ആരും വാങ്ങാതെയിരിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവാണ് ‘പണം വാങ്ങി ആം ആദ്മിക്ക് വോട്ട് ചെയ്യൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ കെജ്‌രിവാളിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

വോട്ടിനായി പണവും മദ്യവും ഒഴുക്കുന്നത് തടയാന്‍ ‘ഹിഡന്‍ ക്യാമറകള്‍’ ഉപയോഗിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കെജ്‌രിവാള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ബിജെപി തരംഗത്തിന് തിരിച്ചടി നല്‍കാന്‍ ഡല്‍ഹിക്കും കൂടി കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്ന ഭീതി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ട്. സിപിഎം,സിപിഐ, സമാജ് വാദി പാര്‍ട്ടി, ജെ.ഡി.യു, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ അവസാന നിമിഷം ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Top