ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ പ്രേതം; നാട്ടുകാര്‍ ഭീതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗത്തെ ആധാരമാക്കി നിര്‍മിച്ച ഡോക്യുമെന്ററിയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുമ്പോള്‍ സന്ത് രവി ദാസ് ക്യാംപ് കോളനിയുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത് കേസിലെ പ്രധാന പ്രതി രാംസിങ്ങിനെക്കുറിച്ചാണ്.
വിചാരണയ്ക്കിടെ ഇയാള്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം ഇയാള്‍ താമസിച്ചിരുന്ന വീട് പ്രേതാലയമായിരിക്കുന്നുവെന്നു നാട്ടുകാര്‍. 2013 മാര്‍ച്ചിലാണു രാംസിങ് ജീവനൊടുക്കിയത്. പിന്നീട് ഈ വീട്ടില്‍ രാംസിങ്ങിന്റെ പ്രേതത്തെ കണ്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രേത വാര്‍ത്ത നാട്ടിലെങ്ങും ചര്‍ച്ചയായതോടെ രണ്ടു വര്‍ഷം മുന്‍പു ഇയാളുടെ മാതാപിതാക്കള്‍ വീടു പൂട്ടി സ്വദേശമായ രാജസ്ഥാനിലേക്ക് പോയി. ഇപ്പോള്‍ ഈ വീടിനു സമീപത്തേക്ക് പോകാന്‍ പോലും പ്രദേശവാസികള്‍ക്ക് ഭയമാണ്.
വീടിനു സമീപം കുട്ടികളെ കളിക്കാന്‍ അനുവദിക്കാറില്ല. രാത്രികാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാറില്ല. വീടിന്റെ ടെറസില്‍ സ്ത്രീകള്‍ നനച്ച തുണി വിരിച്ചിടാറില്ല.
ഇത്തരത്തില്‍ നാട്ടുകാര്‍ ഓരോ ദിവസവും ഭയത്തോടെയാണ് കഴിയുന്നത്. നൂറോളം കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്. അതേസമയം, രാംസിങ്ങിന്റെ പ്രേതം ആരെയെങ്കിലും ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല.

Top