ഡല്‍ഹി ഇമാമിനെ ‘വീട്ടിലിരുത്തിയ’ കെജ്‌രിവാളിന് തന്നെ ന്യൂനപക്ഷ വോട്ടുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഇമാമിന്റെ സഹായം തനിക്കും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടെന്ന് തുറന്നടിച്ച അരവിന്ദ് കെജ്‌രിവാളിനെ കൈവിടാതെ ന്യൂനപക്ഷ വിഭാഗം. ഡല്‍ഹിയിലെ 12 ന്യൂനപക്ഷ മണ്ഡലങ്ങളിലും സമ്പൂര്‍ണ ആധിപത്യമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

വര്‍ഗ്ഗീയ സ്വഭാവമുള്ള ഒരു വോട്ടും തനിക്ക് വേണ്ടെന്ന് വോട്ടെടുപ്പിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് തുറന്നടിച്ച കെജ്‌രിവാളിന്റെ നടപടി തിരിച്ചടിയാകുമോയെന്ന ഭയം പല എഎപി നേതാക്കള്‍ക്കിടയിലും ഉണ്ടായിരുന്നെങ്കിലും കെജ്‌രിവാള്‍ തന്നെയാണ് ശരിയെന്നാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ വിലയിരുത്തിയത്. ഡല്‍ഹി ഇമാമിന്റെ മകന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിനെ ക്ഷണിച്ച ഇമാമിന്റെ നടപടി വലിയ വിവാദത്തിന് കാരണമായിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമല്ല ജാതി – മത – രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗവും തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ ഒറ്റക്കെട്ടായി പിന്‍തുണച്ച് കാഴ്ചയാണ് ഡല്‍ഹിയില്‍ കാണുന്നത്. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷമടക്കമുള്ളവരുടെയും ന്യൂനപക്ഷ വോട്ട് ബാങ്കില്‍ ഇനി രാജ്യ വ്യാപകമായി ആം ആദ്മി പാര്‍ട്ടി വിള്ളല്‍ വീഴ്ത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഡല്‍ഹി ഇമാമിന്റെ പിന്‍തുണ വേണ്ടെന്ന് പ്രഖ്യാപിച്ചിട്ടും ആം ആദ്മി പാര്‍ട്ടി വിജയ ചരിത്രം രചിച്ചത് ഇമാമിനും തിരിച്ചടിയായിട്ടുണ്ട്. ബിജെപി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി 2,508 വോട്ടിനാണ് പരാജയപ്പെട്ടത്. പ്രതിപക്ഷ നേതൃസ്ഥാന പദവി പോലും അവകാശപ്പെടാന്‍ നിലവിലെ 3സീറ്റ് കൊണ്ട് പറ്റില്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേരിട്ടതിന് സമാനമായ സാഹചര്യമാണ് ഡല്‍ഹി നിയമസഭയില്‍ ബിജെപി നേരിടുന്നത് 70 അംഗ നിയമസഭയില്‍ 67സീറ്റാണ് ആം ആദ്മി പാര്‍ട്ടി നേടിയത്.

അതേസമയം നിശ്ചിത അംഗസംഖ്യയില്ലാത്തനിനാല്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഡല്‍ഹിയില്‍ മൂന്നംഗങ്ങളുള്ള ബിജെപിക്ക് പ്രതിപക്ഷസ്ഥാനം നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കെജ്‌രിവാളിന്റെ ഈ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ അടിത്തറ ഒലിച്ച് പോയ തെരെഞ്ഞെടുപ്പ് ഫലം രാജ്യത്ത് ബിജെപിക്ക് മാത്രമല്ല കോണ്‍ഗ്രസിനും വന്‍വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങളിലും ആം ആദ്മി തരംഗം വ്യാപിച്ചാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറും. ഇത് തന്നെയാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും വ്യക്തിപരമായും കനത്ത ആഘാതമാണ് ഡല്‍ഹി നല്‍കിയിട്ടുള്ളത്.

Top