ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം. ഹോളി ചൈല്‍ഡ് ഓക്‌സിലം എന്ന സ്‌കൂളാണ് വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ഉണ്ടാകുന്ന ആറാമത്തെ അക്രമമാണിത്.
വെള്ളിയാഴ്ച രാവിലെയാണ് അക്രമം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് കയറിയ രണ്ട് പേര്‍ ആദ്യം സിസി ടിവി നശിപ്പിച്ച ശേഷം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ മുറിയില്‍ കയറി കവര്‍ച്ച നടത്തുകയായിരുന്നു. മുറിയിലെ ജനാലചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. എണ്ണായിരം രൂപയോളം മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മുതിര്‍ന്ന പൊലീസ്‌ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ ഡല്‍ഹിയിലെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അപലപിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഹിക്കാനാകില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്മൃതി ഇറാനി ഇന്ന് സ്‌കൂള്‍ സന്ദര്‍ശിക്കും.
ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എല്ലാ ക്രിസ്ത്യന്‍ പള്ളികളിലേയും മറ്റ് മതസ്ഥാപനങ്ങളിലേയും സുരക്ഷ ശക്തമാക്കിയിരുന്നു.


