ഡല്‍ഹിയിലെ മുസ്ലിംപള്ളിയില്‍ ചത്ത പന്നി: പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ന്യൂഡല്‍ഹി: തെക്കന്‍ ഡെല്‍ഹിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ ഓഖ്‌ലയില്‍ ഒരു മുസ്ലീം പള്ളിയില്‍ ചത്ത പന്നിയെ കണ്ടെത്തി. ഇതോടെ ത്രിലോക്പുരിയിലെയും ബാവ്‌നയിലെയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഓഖ്‌ലയും സംഘര്‍ഷഭൂമിയായി മാറുകയാണ്. ബുധനാഴ്ച്ച രാവിലെയാണ് പള്ളിയില്‍ ചത്ത പന്നി കിടക്കുന്നത് കണ്ടത്.

സംഭവത്തെ തുടര്‍ന്ന് മു്സ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പള്ളിയുടെ ജെ.ജെ ക്ലസ്റ്ററിന് സമീപത്തായിട്ടായിരുിന്നു പന്നിയുടെ മൃതദേഹം കിടന്നിരുന്നത്. ഹിന്ദുക്കളും മുസ്ലിംസും ഒരുമിച്ച് പൊലീസില്‍ പരാതി നല്‍കി. സ്ഥലത്ത് വര്‍ഗീയ സംഘര്‍ഷം ഉടലെടുക്കാതിരിക്കാന്‍ ഇരുകൂട്ടരും ചേര്‍ന്ന് സമാധാന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്ഥലത്തെ മതപരമായ സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ സമാധാന കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ചില സംഘങ്ങള്‍ പ്രദേശത്ത് മനഃപൂര്‍വം വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും, ഇത്തരത്തിലുള്ള ആരോ ആണ് പന്നിയെ പള്ളിയില്‍ കൊണ്ടിട്ടിരിക്കുന്നതെന്നും പ്രദേശവാസി അമനാഥുള്ള ആരോപിച്ചു.

മുഹറം റാലിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ത്രിലോക്പുരിയിലും ബാവ്‌നയിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ മുസ്ലിം പള്ളിയില്‍ ചത്ത പന്നിയെ കണ്ടെത്തിയ സംഭവവും ഡല്‍ഹിയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Top