ട്വിറ്ററിലൂടെ കോടതിയെ പരിഹസിച്ചു ; സൗദിയില്‍ മൂന്ന് അഭിഭാഷകര്‍ക്ക് എട്ടു വര്‍ഷം ജയില്‍ ശിക്ഷ

ദമാം: കോടതിയുടെ വിധികളെ ട്വിറ്ററിലൂടെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിന് സൗദിയില്‍ അഭിഭാഷകര്‍ക്ക് ജയില്‍ ശിക്ഷ. മൂന്ന് അഭിഭാഷകരെയാണ് അഞ്ച് മുതല്‍ എട്ടു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തു വിട്ടത്. കോടതിയോട് അനുസരണക്കേട് കാട്ടിയതിനും കോടതിയേ വിമര്‍ശിച്ചതിനുമാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതേ രീതിയില്‍ ശിക്ഷ ലഭിക്കുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, സൗദി ഗ്രാന്‍ന്റ് മുഫ്തി ട്വിറ്ററിനെതിരെ രംഗത്ത് വന്നിരുന്നു. ലോകത്തെ എല്ലാ തിന്മകള്‍ക്കും കാരണം ട്വിറ്ററാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്ലാമിനെ കളിയാക്കുന്നതിനായും കള്ളത്തരങ്ങളും മറ്റ് പലതരം തിന്മകള്‍ പ്രചരിപ്പിക്കുന്നതിനായും ട്വിറ്റര്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു ഗ്രാന്‍ന്റ് മുഫ്തി അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖ് പറഞ്ഞിരുന്നത്. സൗദിയില്‍ സര്‍ക്കാറിനെയോ കോടതികളെയോ വിമര്‍ശിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

Top