ട്രെയിനിനില്‍ തീവണ്ടിക്കുള്ളില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ(45)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

തീവെച്ചതെന്നു കരുതുന്ന കൂടെയുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണു സംഭവം. പുറകില്‍നിന്ന് അഞ്ചാമതുള്ള 69620 നമ്പര്‍ ബോഗിയിലുണ്ടായിരുന്ന ഫാത്തിമയുടെ ദേഹത്ത് യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ദേഹമാസകലം തീപടര്‍ന്ന ഇവര്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി. റെയില്‍വേ പോലീസും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചശേഷം ഇവരെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഫാത്തിമയും യുവാവും തമ്മില്‍ സംഭവത്തിനുമുമ്പ് തര്‍ക്കമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചയോടെ ഫൊറന്‍സിക് സംഘമെത്തി ബോഗിയില്‍ നടത്തിയ പരിശോധനയില്‍ സീറ്റില്‍നിന്ന് ഒരു കത്തിയും ഉരുകിയനിലയിലുള്ള കുപ്പിയും കണ്ടെടുത്തു.

Top