ട്രയാത്തലോണ്‍ മത്സരത്തില്‍ ‘അയേണ്‍മാന്‍’ പദവി സ്വന്തമാക്കി മലയാളിയായ വിഷ്ണുപ്രസാദ്

കോഴിക്കോട്: വേള്‍ഡ് ട്രയാത്തലോണ്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ട്രയാത്തലോണ്‍ മത്സരത്തില്‍ അപൂര്‍വമായ ‘അയേണ്‍മാന്‍’ പദവി സ്വന്തമാക്കി മലയാളിയായ വിഷ്ണുപ്രസാദ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍നടന്ന മത്സരത്തിലാണ് വിഷ്ണുവിന്റെ നേട്ടം.

2022-ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നടന്ന ഹാഫ് അയേണ്‍മാന്‍ മത്സരം വിജയകരമായി പൂര്‍ത്തിയാക്കി. ശാസ്ത്രീയ കായികപരിശീലനം, ജിംവര്‍ക്ക്ഔട്ട്, ദീര്‍ഘദൂര സൈക്കിള്‍സവാരി, മാരത്തണ്‍, നീന്തല്‍, ഭക്ഷണനിയന്ത്രണം തുടങ്ങിയവ പിന്തുടര്‍ന്നതാണ് വിഷ്ണുവിന്റെ വിജയരഹസ്യമെന്ന് പിതാവ് കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറുമായിരുന്ന ഡോ. ജെ. പ്രസാദ് പറഞ്ഞു. അധ്യാപികയായിരുന്ന വത്സലകുമാരിയാണ് അമ്മ. മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയായ വിഷ്ണുപ്രസാദ് ഓസ്‌ട്രേലിയയില്‍ കണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്ററാണ്.

ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ഏകദിന കായികയിനങ്ങളില്‍ ഒന്നായാണ് ട്രയാത്തലോണ്‍ കണക്കാക്കപ്പെടുന്നത്. മത്സരസീരീസില്‍ ആകെ 3.9 കിലോമീറ്റര്‍ നീന്തല്‍, 180.2 കിലോമീറ്റര്‍ സൈക്കിള്‍ റേസ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിങ്ങനെ ആകെ 226.3 കിലോമീറ്റര്‍ പിന്നിടണം. 17 മണിക്കൂറില്‍ മത്സരം പൂര്‍ത്തിയാക്കിയാലാണ് അയേണ്‍മാന്‍ ബഹുമതി ലഭിക്കുക. വിഷ്ണു 13 മണിക്കൂറില്‍ ലക്ഷ്യംനേടി. ഇന്ത്യയില്‍ നടക്കുന്ന അയേണ്‍മാന്‍ ട്രയാത്തലോണ്‍ മത്സരത്തിലെ ദൂരം 113 കിലോമീറ്റര്‍ മാത്രമാണ്.

 

Top