ലണ്ടന്‍: ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന് ഡബിള്‍സില്‍ നൂറാം പങ്കാളി. എയ്ഗണ്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലാണ് പേസ് നൂറാം പങ്കാളിയായ സ്‌പെയിനിന്റെ മാര്‍സെല്‍ ഗ്രാനോല്ലേഴ്‌സുമായി കളിക്കാനിറങ്ങിയത്.
ആദ്യമത്സരത്തില്‍ ട്രീറ്റ് ഹ്യുയ് സ്‌കോട്ട് ലിപ്‌സ്‌കി സഖ്യത്തെ തോല്‍പ്പിച്ച് പേസ് സഖ്യം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ടെന്നീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പേസ് 100ാം പങ്കാളിയുമായി കളിക്കുന്ന 47ാം കളിക്കാരനാണ്. എന്നാല്‍ 50 കിരീടവും 700 വിജയങ്ങളുമുള്ള ആദ്യതാരവും. പുരുഷ ഡബിള്‍സില്‍ ഗ്രാന്റ്സ്ലാം നേടിയിട്ടുള്ള പേസ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുമുണ്ട്.
1990 ല്‍ ഇന്ത്യന്‍ താരം സീഷന്‍ അലിയുമൊത്താണ് പേസ് ഡബിള്‍സില്‍ കളിക്കാനിറങ്ങുന്നത്. തുടര്‍ന്ന് രമേശ് കൃഷ്ണന്‍, മഹേഷ് ഭൂപതി, നിതിന്‍ കിര്‍ത്താനെ, ഫസലുദ്ദീന്‍ സെയ്ദ്, വിശാല്‍ ഉപ്പല്‍, മുസ്തഫ ഗൗസ്, സുനില്‍കുമാര്‍ സിപായെ, രോഹന്‍ ബൊപ്പണ്ണ, വിഷ്ണുവര്‍ധന്‍, പുരവ് രാജ, സനം സിങ് എന്നീ ഇന്ത്യന്‍ താരങ്ങളും പേസിനൊപ്പം ഡബിള്‍സില്‍ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ നെവില്ലെ ഗോഡ്വിനായിരുന്നു പേസിന്റെ അമ്പതാം പങ്കാളി.
മഹേഷ് ഭൂപതിക്കൊപ്പം ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡനും നേടിയ പേസ് മാര്‍ട്ടിന്‍ ഡാമിനൊപ്പം യു.എസ്. ഓപ്പണും നേടി. ചെക്ക് താരം ലൂക്കാസ് ഡ്‌ലോഹുവിനൊപ്പം ഫ്രഞ്ച് ഓപ്പണും യു.എസ്. ഓപ്പണും ജയിച്ചു. ചെക്ക് താരം റാഡെക് സ്റ്റെപാനെക്കിനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണും യു.എസ്. ഓപ്പണും ജയിച്ചിട്ടുണ്ട്.
മുംബൈ സ്വദേശിയായ പേസ് 1990 മുതല്‍ ടെന്നീസില്‍ സജീവമായിരുന്നെങ്കിലും 1998 മുതലാണ് ഡബിള്‍സില്‍ നേട്ടങ്ങളുണ്ടാക്കുന്നത്. പേസ്-ഭൂപതി കൂട്ടുകെട്ടാണ് വന്‍വിജയങ്ങള്‍ നേടിയത്.


