ടി.പി സെന്‍കുമാര്‍ തന്നെ പൊലീസ് മേധാവിയാകും; സംസ്ഥാനത്തേക്ക് മടങ്ങില്ലെന്ന് മഹേഷ്‌കുമാര്‍ സിംഗ്ല

തിരുവനന്തപുരം: ജയില്‍ ഡിജിപി ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാതിരിക്കാന്‍ ആസൂത്രിത നീക്കം. മെയില്‍ വിരമിക്കുന്ന ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിന്റെ പിന്‍ഗാമിയെക്കുറിച്ച് ഇപ്പോഴേ ചര്‍ച്ചകള്‍ നടത്തുന്നത് ചില കേന്ദ്രങ്ങളുടെ ഹിഡണ്‍ ‘അജണ്ട’യുടെ ഭാഗമായാണെന്നാണ് ആരോപണം.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മഹേഷ്‌കുമാര്‍ സിംഗ്ലയെ മടക്കി വിളിച്ച് ഡിജിപി ആക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ഭരണപക്ഷത്തെ ചില ഉന്നതരുടെ ഒത്താശയോടെയാണ് നീക്കം.

എന്നാല്‍ താന്‍ തിരിച്ച് കേരളത്തിലേക്ക് മടങ്ങുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നാണ് മഹേഷ്‌കുമാര്‍ സിംഗ്ലയുടെ നിലപാട്. നിലവില്‍ ബിഎസ്എഫില്‍ അഡീഷണല്‍ ഡയറക്ടറായ സിംഗ്ലക്ക് ഡയറക്ടറായി തന്നെ വിരമിക്കാന്‍ കഴിയുമെന്നതിനാല്‍ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മടങ്ങില്ലെന്നാണ് സൂചന.

നിലവില്‍ സ്വന്തം നാടായ പഞ്ചാബിലെ ചണ്ഡിഗഡില്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹം സേവനമനുഷ്ടിക്കുന്നത്. സിംഗ്ല മടങ്ങി വന്നില്ലെങ്കില്‍ സീനിയറായ ടി.പി സെന്‍കുമാറിനെ ഡിജിപി ആക്കേണ്ടി വരുമെന്നത് ഭരണപക്ഷത്തെ ചിലരുടെ ഉറക്കം കെടുത്തുന്നതാണ്.

നീതി നിര്‍വ്വഹണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ടി.പി സെന്‍കുമാറിന് സംസ്ഥാന പൊലീസില്‍ മികച്ച പ്രതിച്ഛായ ആണ് ഉള്ളത്. ഇടതുപക്ഷ ഭരണ കാലത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയ സെന്‍കുമാര്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന രഹസ്യന്വേഷണ വിഭാഗം മേധാവിയായിരുന്ന സെന്‍കുമാറാണ് രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കിയത്.

സാമൂഹിക പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന സെന്‍കുമാര്‍ നടന്‍ കലാഭവന്‍മണിക്കെതിരെയുള്ള പൊലീസ് നടപടിയെയും ചോദ്യം ചെയ്തിരുന്നു. ജാതിക്കും മതത്തിനും മീതെ നീതിപൂര്‍വ്വമായിരിക്കണം നീതി നിര്‍വ്വഹണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് വന്നാല്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സേന.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സെന്‍കുമാറിനെ നിയമിക്കാനാണ് താല്‍പര്യമെങ്കിലും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിട്ടില്ല. സിംഗ്ലക്ക് 2017 ഫെബ്രുവരി വരെയും സെന്‍കുമാറിന് 2017മെയ് വരെയുമാണ് സേവന കാലാവധിയുള്ളത്.

ആതേസമയം ഈ മാസം 28ന് വിരമിക്കുന്ന പൊലീസ് ആസ്ഥാനത്തെ (ഭരണവിഭാഗം) ഡിജിപി എം.എന്‍ കൃഷ്ണമൂര്‍ത്തിയെ പൊലീസ് സര്‍വ്വകലാശാല ലെയ്‌സണ്‍ ഓഫീസറായി നിയമിക്കാനും സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് പൊലീസ് ആസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് പുറമെ ഭരണ വിഭാഗത്തില്‍ മറ്റൊരു ഡിജിപിയെ നിയമിച്ചിരുന്നത്. ആഭ്യന്തര വകുപ്പിന്റെ സ്ഥലമാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃഷ്ണമൂര്‍ത്തിയാണ് ഇടപെട്ടിരുന്നത്.

ഇക്കാര്യത്തില്‍ ഡിജിപി ബാലസുബ്രഹ്മണ്യം പരസ്യമായി എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

Top