ഞാന്‍ പ്രചാരണം നടത്തിയ ആളല്ല; ഗുജറാത്തിലെ കോണ്‍ഗ്രസ് പരാജയത്തില്‍ ശശി തരൂർ

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തില്‍ പ്രതികരിക്കാതെ ശശി തരൂര്‍ എംപി. പ്രചാരണ ഘട്ടത്തില്‍ താന്‍ ഗ്രൗണ്ടില്‍ ഇല്ലായിരുന്നതിനാല്‍ ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെയാണ് ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും കോണ്‍ഗ്രസ് പ്രചാരകരുടെ പട്ടികയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത്.

ഞാന്‍ ഗുജറാത്തില്‍ പ്രചാരണം നടത്തിയ ആളല്ല. പ്രചാരണത്തിനായി പ്രതീക്ഷിച്ചവരുടെ പട്ടികയില്‍ ഞാനുണ്ടായിരുന്നില്ല. ഗ്രൗണ്ടില്‍ ഇല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്.’ എന്നായിരുന്നു തരൂരിന്റെ മറുപടി. ഹിമാചല്‍ പ്രദേശില്‍ ഭരണ വിരുദ്ധവികാരം ബിജെപിക്ക് തിരിച്ചടിയായെങ്കിലും ഗുജറാത്തില്‍ അതുണ്ടായില്ലെന്നും തരൂര്‍ കൂട്ടിചേര്‍ച്ചു.പ്രതിപക്ഷത്ത് ഇരിപ്പിടം ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ച ആപ്പിനും സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

50 സീറ്റ് പ്രതീക്ഷിച്ച ആപ്പ് അഞ്ചില്‍ ഒതുങ്ങുന്ന സ്ഥിതിവിശേഷമാണ്. എന്നാല്‍ ആപ്പിന്റെ സാന്നിധ്യം കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം കുറച്ചെന്നും തരൂര്‍ അവകാശപ്പെട്ടു.നിലവില്‍ കോണ്‍ഗ്രസിനെ തകര്‍ത്താണ് ബിജെപി ഗുജറാത്തില്‍ ലീഡ് ചെയ്യുന്നത്. 156 സീറ്റില്‍ മുന്നേറുന്ന ബിജെപി തുടര്‍ഭരണം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തില്‍ എത്തുന്നത്. കോണ്‍ഗ്രസ് 17 സീറ്റിലാണ് ഗുജറാത്തില്‍ നിലവില്‍ ലീഡ് ചെയ്യുന്ന്. അതേസമയം ഗുജറാത്തിലും സാന്നിധ്യം അറിയിച്ചതോടെ ദേശീയ പാര്‍ട്ടി പദവിയിലേക്കുള്ള യോഗ്യത നേടിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ദേശീയ പാര്‍ട്ടിയാവാന്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയും ആറ് ശതമാനം വോട്ടുമാണ് വേണ്ടത്. ആംആദ്മി പാര്‍ട്ടി രൂപീകരിച്ച് പത്താം വര്‍ഷത്തിലാണ് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടി പദവിയില്‍ ആയിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുക.

 

Top