തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു പുറത്താക്കുന്നതിനു കെ.എം. മാണിക്കുമേല്‍ സമ്മര്‍ദം. മുന്നണിയിലെ മറ്റു ഘടകകക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. മാണിയുടെ ആവശ്യം മുന്നണി അംഗീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ജോര്‍ജിന്റെ ആവശ്യത്തിനു മാണിയും വഴങ്ങണമെന്നാണു മുന്നണിയിലെ പൊതുവികാരം. ഇന്നത്തെ മുഴുദിന യുഡിഎഫ് യോഗത്തില്‍ ഇത് മുഖ്യചര്‍ച്ചാ വിഷയമാകും. ജോര്‍ജിന്റെയും സരിതയുടെയും കത്തുകളും ചര്‍ച്ച ചെയ്യും.
ചീഫ് വിപ്പ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചകളോടു മാണി പൂര്‍ണമായി സഹകരിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയ്ക്കായി വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും തയാറായില്ല. കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ച് ജോര്‍ജിനെ മുന്നണിയില്‍ നിലനിര്‍ത്തുകയാണ് മറ്റു ഘടകകക്ഷികളുടെ ലക്ഷ്യം. പാര്‍ട്ടിയില്‍നിന്നു ജോര്‍ജിനെ പുറത്താക്കാത്ത മാണിയുടെ നടപടിയെ കെപിസിസി വക്താവ് പന്തളം സുധാകരനും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും പരസ്യമായി ചോദ്യം ചെയ്തുകഴിഞ്ഞു.
ബാര്‍ കോഴക്കേസില്‍ മാണി കുരുങ്ങിക്കിടക്കുകയാണ്. അത് എങ്ങനെയും വളയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലാണിപ്പോഴും. ബാര്‍ ഹോട്ടല്‍ ഉടമകളെ നുണ പരിശോധനയ്ക്കു വിധേയരാക്കാന്‍ വിജിലന്‍സ് നീക്കം തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. ബാര്‍ കോഴ കേസ് ഇനിയും സജീവമാകാമെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.
ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സമ്മര്‍ദം


