കോഴിക്കോട്: ജെഡിയു ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് ജെഡിയുവിനെ എന്നും പരിഗണിച്ചിട്ടുണ്ടെന്നും മുന്നണിയില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതി ചര്‍ച്ച ചെയ്ത് പപരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജെഡിയു പ്രധാനമായും ഉന്നയിച്ചത് രാഷ്ട്രീയ വിഷയങ്ങളാണ്. സംഘടനാ സംവിധാനത്തില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ല എന്നതാണ് പ്രധാന പരാതി. അത് അടിയന്തരമായി പരിഹരിക്കും. അഞ്ചാം തിയതി വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ വീരേന്ദ്ര കുമാറിന്റെ തോല്‍വി സംബന്ധിച്ച് അന്വേഷിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുഡിഎഫില്‍ ഒറ്റപ്പാര്‍ട്ടി മേധാവിത്വം ഇല്ല. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ജെഡിയു ഉന്നയിച്ച വിഷങ്ങള്‍ ഗൗരവമായെടുത്തതിലും പരാതി പരിഗണിക്കുമെന്ന് പറഞ്ഞതിലും സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. യുഡിഎഫ് വടക്കന്‍മേഖലാ ജാഥ വിജയിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍പ് യുഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടനത്തില്‍നിന്നും വിട്ടു നില്‍ക്കുമെന്ന് വീരേന്ദ്ര കുമാര്‍ നിലപാടെടുത്തിരുന്നു.


