ആലപ്പുഴ: കെ.ആര്‍.ഗൗരിയമ്മ കഴിഞ്ഞ ദിവസം പുറത്താക്കിയ സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രദീപിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെഎസ്എസ് സംസ്ഥാന സമിതിയംഗങ്ങള്‍ ആലപ്പുഴയില്‍ യോഗം ചേര്‍ന്നു. ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു ഇവര്‍ പുറത്താക്കി. പുതിയ ജനറല്‍ സെക്രട്ടറിയായി പി.എസ്.പ്രദീപിനെ തിരഞ്ഞെടുത്തു. ഗൗരിയമ്മയ്‌ക്കൊപ്പം സിപിഎമ്മലേക്കില്ലെന്നും ഗൗരിയമ്മ കഴിഞ്ഞ ദിവസം എടുത്ത പുറത്താക്കല്‍ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
തന്റെ തീരുമാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രദീപ്, ജനാധിപത്യ യുവജന സമിതി (ജെവൈഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാപ്പി പി. അബു, ജെഎസ്എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനീഷ് ശ്രീരാജ്, ബഷീര്‍ പൂവാട്ടുപറമ്പ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു ഗൗരിയമ്മ ഇന്നലെ പുറത്താക്കിയിരുന്നു. പകരം പി.ആര്‍. പവിത്രനു സംസ്ഥാന പ്രസിഡന്റിന്റെ ചുമതല നല്‍കിയിട്ടുണ്ട്.


