ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യും

ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഹീനമായ കുറ്റകൃത്യങ്ങളില്‍ പതിനാറു വയസ് തികഞ്ഞവരെ മുതിര്‍ന്നവരായി പരിഗണിക്കുന്നതാണു ഭേദഗതി. കൊലപാതകം, ബലാത്സംഗം എന്നിവയാണു ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുക. കുറ്റകൃത്യം ഗുരുതരമാണോയെന്നു ബാലനീതി ബോര്‍ഡ് തീരുമാനിക്കും. ഈ സമ്മേളന കാലത്തു തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. 2012 ഡിസംബറില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് പതിനാറു വയസുള്ള കൗമാരക്കാരനായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ മൂന്നു വര്‍ഷം തടവു ശിക്ഷ മാത്രമാണു ലഭിച്ചത്.

Top