ആഡിസ് അബബ: അധികാരം ഒഴിയാന്‍ മടിക്കുന്ന ആഫ്രിക്കന്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.
ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ‘ആരും ജീവിതകാലം മുഴുവന്‍ പ്രസിഡന്റാവില്ല’ എന്ന് അഭിപ്രായപ്പെട്ടത്. ആഫ്രിക്കന്‍ യൂണിയനില്‍ പ്രസംഗിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ.
‘തങ്ങളുടെ കാലാവധി തീര്‍ന്നാല്‍ മാറിക്കൊടുക്കാന്‍ തയാറാവാത്ത നേതാക്കള്‍ ഭൂഖണ്ഡത്തിലെ ജനാധിപത്യ പുരോഗതിയാണ് തടയുന്നത്’ ഒബാമ അഭിപ്രായപ്പെട്ടു. താന്‍ തന്നെ പിന്‍ഗാമിക്ക് അധികാരം കൈമാറാന്‍ തയാറായിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കന്‍ ഭരണഘടനയനുസരിച്ച് തനിക്ക് ഇനിയും പ്രസിഡന്റാവാനാവില്ല. ആ നിയമം അംഗീകരിച്ചാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നും ഒബാമ പറഞ്ഞു.
ബുറുണ്ടി പ്രസിഡന്റ് പിയരെ കുറുന്‍സിസ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതിനെ ഉദാഹരണമായെടുത്താണ് അദ്ദേഹം തന്റെ വാദം സ്ഥാപിച്ചത്. ഭരിച്ചുകൊണ്ടിരിക്കെ നിയമത്തില്‍ മാറ്റംവരുത്തി ഭരണം തുടരുന്നത് ബുറുണ്ടി പോലുള്ള രാജ്യത്തിന് ആപല്‍ക്കരമാണെന്ന് അദ്ദേഹം പറഞ്ഞു.
‘തനിക്കു മാത്രമേ രാജ്യത്തെ നയിക്കാനാവൂ എന്ന് ചിന്തിക്കുന്ന നേതാവിന് ശരിയായ ദിശയില്‍ രാഷ്ട്രത്തെ നയിക്കാനാവില്ല’ നെല്‍സണ്‍ മണ്ടേലയെ ചൂണ്ടിക്കാണിച്ച് ഒബാമ അഭിപ്രായപ്പെട്ടു.
നെല്‍സണ്‍ മണ്ടേലയെ ഭൂഖണ്ഡത്തിന് മാതൃകയായി ഉയര്‍ത്തിക്കാട്ടാനും ആഡിസ് അബബയിലെ ആഫ്രിക്കന്‍ യൂണിയന്‍ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം മറന്നില്ല.


