ജീവന് ഭീഷണിയുണ്ടെന്ന് ലിയാണ്ടര്‍ പേസ്

മുംബൈ: തന്റെ ജീവന് ഭീഷണി ഉള്ളതായി ടെന്നീസ് താരം ലിയാണ്ടര്‍ പേസ്. ഇതുസംബന്ധിച്ച് പേസ് മുംബൈ പൊലീസില്‍ പരാതി നല്‍കി. ക്രിക്കറ്ററായ അതുല്‍ ശര്‍മയില്‍ നിന്ന് തനിക്കും മകള്‍ക്കും വധഭീഷണി ഉള്ളതായി കാണിച്ചാണ് പേസ് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

മുന്‍ ഭാര്യ റിയ പിള്ളയുമായുള്ള വിവാഹ മോചന കേസിന്റെ സമയത്ത് റിയയും അതുല്‍ ശര്‍മയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അതുല്‍ ശര്‍മ്മയുടെ ഭീഷണി എന്ന് പരാതിയില്‍ പറയുന്നു.നടിയും മോഡലുമായ റിയയുമായുള്ള ബന്ധം പിരിയുന്നതിനായി ലിയാണ്ടര്‍ പേസ് നേരത്തെ ബാന്ദ്രയിലെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ വിചാരണ വേളയിലാണ് റിയയും അതുല്‍ ശര്‍മ്മയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ പേസ് കോടതിയില്‍ ഹാജരാക്കിയത്.

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടര്‍ന്ന് പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തിയതിന് ശേഷമാണ് പേസുമായുള്ള ബന്ധം ആരംഭിക്കുന്നത്. എന്നാല്‍ പേസ്‌റിയ ബന്ധവും അത്ര സുഖകരമായിരുന്നില്ല.തുടര്‍ന്ന് ബന്ധം പിരിയുന്നതിനും എട്ട് വയസുകാരിയായ മകളെ വിട്ടു കിട്ടുന്നതിനുമായി പേസ് കോടതിയെ സമീപിക്കുകയായിരുന്നു.

Top