ജിത്തു ജോസഫ് ചിത്രം മെമ്മറീസ് തമിഴില്‍ ഒരുങ്ങുന്നു

പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ജിത്തു ജോസഫ് ഒരുക്കിയ ചിത്രം മെമ്മറീസ് തമിഴിലേക്ക് റീമേയ്ക്ക് ചെയ്യാനൊരുങ്ങുന്നു. അറിവഴകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുള്‍നിധിയാണ് ചിത്രത്തിലെ നായകന്‍.

ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ റിലീസായ കാഞ്ചന2, ബാഹുബലി എന്നീ തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസായ തേനന്താല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

മെമ്മറീസിന്റെ ഔദ്യോഗിക റീമേയ്ക്ക് ചിത്രമാണ് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന് സംവിധായകന്‍ അറിവഴകന്‍ സ്ഥിരീകരിച്ചു. യഥാര്‍ത്ഥ പതിപ്പിന്റെ ഭംഗി ചോരാതെ, തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയിലാകും ചിത്രം ഒരുക്കുക സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിലെ നായികയേയും മറ്റ് കഥാപാത്രങ്ങളേയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

മദ്യപനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് മെമ്മറീസില്‍ ജിത്തു ജോസഫ് അവതരിപ്പിച്ചത്. ഒരു പരമ്പര കൊലപാതകം അന്വേഷിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.

Top