ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തൊമാറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വ്യാജ ബിരുദ കേസില്‍ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊമറിനെ പുറത്താക്കി കൊണ്ടുള്ള നിര്‍ണായക തീരുമാനം എഎപി കൈകൊണ്ടത്. തൊമാറിനെതിരേ സ്വീകരിച്ച നടപടി മാതൃകാപരവും മറ്റുള്ളവര്‍ക്കുള്ള താക്കീതുമാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് തൊമാര്‍ ബാര്‍ കൗണ്‍സിലില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന തൊമര്‍ എഎപിയില്‍ ചേരുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ത്രിനഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് അരവിന്ദ് കേജരിവാള്‍ സര്‍ക്കാരില്‍ നിയമ മന്ത്രിയായത്.


