ജാര്‍ഖണ്ഡിലെ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 11 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ ഡിയോഗര്‍ പട്ടണത്തിലെ ദുര്‍ഗാക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് മരണം. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്തു പേര്‍ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെലബാഗന്‍ ദേവ്ഗഡ് ക്ഷേത്രത്തില്‍ വര്‍ഷം തോറും നടന്നു വരാറുള്ള സ്വാന്‍ സോംവാര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് അപകടത്തില്‍ പെട്ടത്.

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം നടന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടുങ്ങിയതും വീതികുറഞ്ഞതുമായ ഒരു പാതയാണുള്ളത്. ഇവിടെയെത്തിയ ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തെ നിയന്തിക്കാന്‍ പ്രാദേശിക നേതൃത്വത്തിന് സാധിച്ചിരുന്നില്ല.

വരി നിന്നായിരുന്നു എല്ലാവരെയും ക്ഷേത്രത്തിനുള്ളിലേത്ത് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പുലര്‍ച്ചെ 4.30 ഓടെ തീര്‍ത്ഥാടകരില്‍ ചിലര്‍ ഈ പാതയിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇതോടെ തിക്കും തിരക്കും വര്‍ദ്ധിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റുള്ളവരുടെ ചവിട്ടേറ്റാണ് പലരും മരിച്ചത്.

ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള ശ്രാവണ മാസത്തില്‍ ബൈദ്യനാഥ് ക്ഷേത്രത്തില്‍ 30 ലക്ഷത്തോളം ഭക്തര്‍ പൂജകള്‍ക്കായി എത്താറുണ്ട്. തിങ്കളാഴ്ചകളില്‍ മാത്രം രണ്ടു ലക്ഷം പേര്‍ എത്തുന്നു എന്നാണ് കണക്ക്. 2007ലും ഇവിടെ തിക്കിലും തിരക്കിലംപെട്ട് അഞ്ചുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top