ജയലളിതയെ പുറത്തിറക്കാന്‍ തിരക്കിട്ട ശ്രമം: ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദസറ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ അടുത്ത മാസം ആറ് വരെ ഹൈക്കോടതിക്ക് അവധിയാണ്. ജയലളിതയെ എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അഭിഭാഷക സംഘം. ഇതിനുള്ള നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കല്‍ ഡികുന്‍ഹയാണ് ജയലളിതയെയും കൂട്ടു പ്രതികളെയും നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

കേസില്‍ ജയലളിതക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെങ്കിലും നാളെ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹരജി പരിഗണിക്കുക. നൂറ് കോടി രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രിമിനല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനാണ് അഭിഭാഷകര്‍ ആലോചിക്കുന്നത്

Top