ശ്രീനഗര്‍: ജമ്മു ഗവണ്‍മെന്റ് അവസരവാദികളുടെ സഖ്യമാണെന്നും അവര്‍ സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ പുല്‍വാമയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കാശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യ ഗവണ്‍മെന്റിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
ജമ്മു കാശ്മീരിന് വേണ്ടി യു.പി.എ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ ഇപ്പോള്‍ ഭരിക്കുന്ന സഖ്യ ഗവണ്‍മെന്റ് പരാജയപ്പെട്ടു. സംസ്ഥാനത്തെ സഖ്യ ഗവണ്‍മെന്റ് അവസരവാദികളുടെ സഖ്യമാണെന്നാണ് ഇപ്പോള്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് തോന്നുന്നതെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ ഇവിടെയുള്ള ജനങ്ങളെ സഹായിരക്കാനായല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കാശ്മീരുമായി തനിക്ക് പ്രത്യേക ബന്ധമുണ്ടെന്നും തന്റെ വേരുകള്‍ ഈ സ്ഥലത്താണെന്നും രാഹുല്‍ പറഞ്ഞു. അതിനാല്‍ ഇവിടെ എത്തിയപ്പോള്‍ തനിക്ക് വീട്ടിലെത്തിയ പ്രതീതിയാണുണ്ടായത്. എന്നാല്‍ ഇവിടെയുള്ള ജനങ്ങള്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതിലും വര്‍ഷങ്ങളായി ആക്രമണങ്ങളില്‍ മരിക്കുന്നതിലുമെല്ലാം തനിക്ക് ദുഃഖമുണ്ട്. ജമ്മുവിലെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.


