ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരുക്കേറ്റു. വടക്കന്‍ കശ്മീരില്‍ നിന്നു 50 കിലോമീറ്റര്‍ അകലെയാണ് സംഭവം. ശനിയാഴ്ച അര്‍ധരാത്രിയാണ് കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് 21 രാഷ്ട്രീയ റൈഫിള്‍സ് ടീമും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ അവര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പുണ്ടായതോടെ ഹന്ദ്‌വാരയിലെ ഖുമയിര വനപ്രദേശം സൈന്യം വളഞ്ഞു. തീവ്രവാദികള്‍ക്ക് നേരെ സൈന്യം തിരിച്ചുവെടിവച്ചതിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.


