ജപ്പാന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ ഡ്രോണ്‍ ഇറക്കി; ഒരാള്‍ അറസ്റ്റില്‍

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രിയുടെ വീടിനു മുകളില്‍ ആളില്ലാ വിമാനമിറക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. യസുവോ യമാമോട്ടോ എന്ന നാല്‍പ്പതുകാരനെയാണ് അറസ്റ്റ് ചെയ്തത്. ജപ്പാന്റെ ആണവ പദ്ധതിയില്‍ പ്രതിഷേധിച്ചാണു പ്രധാനമന്ത്രിയുടെ പുരപ്പുറത്തു ഡ്രോണ്‍ ഇറക്കിയതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. റേഡിയൊ ആക്റ്റിവ് മണല്‍ത്തരികള്‍ നിറച്ച ഡ്രോണ്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വീടിനു മുകളില്‍ ഇറങ്ങിയതു വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തിയിരുന്നു. 2011ല്‍ ആണവച്ചോര്‍ച്ചയുണ്ടായ ഫുക്കുഷിമയ്ക്കു സമീപത്തുള്ള ഫുക്കുയിയില്‍ നിന്നാണു യസുവോയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫുക്കുഷിമയിലെ ആണവ പ്ലാന്റ് വീണ്ടും പ്രവര്‍ത്തന സ ജ്ജമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി അന്തിമഘട്ടത്തിലെത്തിയിരു ന്നു. പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കോടതിയുടെ അനുമതിയും ലഭിച്ചു. ഇതിനിടെയാ ണു പ്രധാനമന്ത്രിയുടെ വീടിനു മുകളില്‍ ഡ്രോണ്‍ ലാന്‍ഡ് ചെയ്തത്. ക്യാമറയും പ്ലാസ്റ്റിക് കുപ്പിയും ഘടിപ്പിച്ച ചെറിയ ഡ്രോണാണു പ്രധാനമന്ത്രിയുടെ പുരപ്പുറത്ത് ഇറങ്ങിയത്. ഫുക്കുഷിമയില്‍ ദുരന്തമുണ്ടായ സ്ഥലത്തെ മണലും ഈ ഡ്രോണിനുള്ളില്‍ നിന്നു കണ്ടെത്തിയിരുന്നു.

ജനവാസം സാധ്യമല്ലാത്ത വിധം ഇപ്പോഴും റേഡിയേഷന്‍ തുടരുന്ന പ്രദേശമാണു ഫുക്കുഷിമ. സുനാമിയെത്തുടര്‍ന്നു തകര്‍ന്ന ദായ്ഇചി പവര്‍പ്ലാന്റാണ് ഇവിടെ റേഡിയേഷനുണ്ടാകാന്‍ കാരണം. ഈ പ്രദേശത്തു നിന്നുള്ള റേഡിയൊ ആക്റ്റിവ് മണലാണ് ഡ്രോണിനുള്ളില്‍ നിന്നു കണ്ടെത്തിയതെന്നു പറയുന്നു. എന്നാല്‍, ഇത് ദുരന്തമുണ്ടാക്കാന്‍ ശക്തിയുള്ളതല്ലെന്നു പരിശോധനയില്‍ വ്യക്തമായി. പ്രധാനമന്ത്രി വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഡ്രോണ്‍ പറന്നിറങ്ങിയത്.

Top