ജന്‍ധന്‍ പദ്ധതിയില്‍ സഹകരണബാങ്കുകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനം

ജന്‍ധന്‍ കേന്ദ്രപദ്ധതിയില്‍ സഹകരണബാങ്കുകളെയും ഉള്‍പ്പെടുത്തി. സഹകരണബാങ്കുകളെ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ സംസ്ഥാനതല ബാങ്കിങ് സമിതി കേന്ദ്രസര്‍ക്കാരിനു നല്‍കി. കേരളത്തിന്റെ എതിര്‍പ്പു പരിഗണിച്ചാണ് തീരുമാനം. ധനമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന ജന്‍ധന്‍ പദ്ധതി നടപ്പാക്കുന്നത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലൂടെ മാത്രമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ പൊതുമേഖലാബാങ്കുകളെക്കാള്‍ സഹകരണബാങ്കുകളെയാണ് പൊതുജനങ്ങള്‍ ആശ്രയിക്കുന്നത്. അതുകൊണ്ട് കേന്ദ്രപദ്ധതിയില്‍നിന്ന് സഹകരണബാങ്കുകളെ മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധമുയര്‍ന്നു. ഇതു നടപ്പാകുന്നതോടെ പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ സഹകരണബാങ്കുകള്‍ക്ക് തിരിച്ചടിയാകും. ഇതും പ്രതിഷേധത്തിനു കാരണമായി.

കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാരിനും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സെന്‍ട്രല്‍ ബാങ്കിങ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല ബാങ്കിങ് സമിതി യോഗത്തില്‍ സഹകരണവകുപ്പ് സെക്രട്ടറി ഇക്കാര്യമുന്നയിച്ചത്.

ക്ലിയറിങ് ഹൗസുകളിലൂടെയല്ലാതെ ഫണ്ട് കൈമാറുന്നതിനും(ആര്‍.ടി.ജി.എസ്.), ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിനും(എന്‍.ഇ.എഫ്.ഐ.) സൗകര്യമുള്ള ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ നാല് ജില്ലാസഹകരണബാങ്കുകള്‍ പദ്ധതിയില്‍ അംഗമാകും. കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം എന്നീ ബാങ്കുകളാണവ. എല്ലാ ജില്ലാസഹകരണ ബാങ്കുകളും പ്രധാന അര്‍ബന്‍ബാങ്കുകളും കോര്‍ബാങ്കിങ്ങിലേക്കു മാറിയിട്ടുണ്ടെങ്കിലും എല്ലാ സാങ്കേതികസൗകര്യവും ഉറപ്പാക്കാനായിട്ടില്ല. ഇതു പൂര്‍ത്തിയാകുന്നതോടെ ഈ ബാങ്കുകളും പദ്ധതിയുടെ ഭാഗമാകും.

Top