ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ തീരുമാനിക്കുമ്പോള്‍ സര്‍ക്കാര്‍ പാര്‍ട്ടിയോട് ആലോചിക്കണം: കെ.പി.സി.സി

തിരുവനന്തപുരം: ജനങ്ങളെ ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ പാര്‍ട്ടിയുമായി ആലോചിക്കണമെന്ന് കെ.പി.സി.സി. ഇന്നലെ നടന്ന കെ.പി.സി.സി. നേതൃയോഗങ്ങളിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ഇത്തരംകാര്യങ്ങള്‍ പാര്‍ട്ടിയുമായി ആലോചിക്കുന്നത് ഉചിതമായിരിക്കുമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം യോഗം അംഗീകരിച്ചെന്ന് പിന്നീട് തീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. നികുതിവര്‍ധന മുഖ്യമന്ത്രി മാത്രം എടുത്ത തീരുമാനമാണെന്ന് ആരും പറയില്ല. അതു മന്ത്രിസഭ കൂട്ടായി കൈക്കൊണ്ടതാണെന്ന് സുധീരന്‍ പറഞ്ഞു.

അധികനികുതി നിര്‍ദേശം വന്നപ്പോള്‍ തന്നെ കെ.പി.സി.സി. അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ കുറിപ്പ് സര്‍ക്കാരിനു കൊടുത്തിരുന്നു. അതില്‍ ചിലതു നടപ്പാക്കി. ട്രഷറിയില്‍ നിന്നും ബാങ്കുകളിലേക്കു മാറ്റിയ ഫണ്ട് മടക്കികൊണ്ടുവരണമെന്ന കെ.പി.സി.സിയുടെ നിര്‍ദേശം പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചതായും സുധീരന്‍ വ്യക്തമാക്കി.
സംഘടനാതെരഞ്ഞെടുപ്പ് എ.ഐ.സി.സി. നിശ്ചയപ്രകാരം തന്നെ നടക്കും. ഇപ്പോള്‍ നടക്കുന്ന പുനഃസംഘടനയില്‍ മണ്ഡലം കമ്മിറ്റിവരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മണ്ഡലം കമ്മിറ്റികളുടെ ലിസ്റ്റ് പി.എം. സുരേഷ്ബാബു അധ്യക്ഷനായ സമിതി പരിശോധിച്ച് 22 നകം പൂര്‍ത്തിയാക്കും. ഡിസംബര്‍ ഒന്നിന് തന്നെ അംഗത്വവിതരണം തുടങ്ങും. കഴിഞ്ഞ തവണ 38 ലക്ഷം അംഗത്വകൂപ്പണുകളാണ് വിതരണം ചെയ്തത്. ഇക്കുറി 40 ലക്ഷം അച്ചടിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന പുനഃസംഘടന വേണമോയെന്നു പിന്നീട് എ.ഐ.സി.സി. അധ്യക്ഷയും ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായി ആലോചിച്ച് തീരുമാനിക്കും.

ഇടുക്കിയിലെ പട്ടയംവിതരണം എത്രയും വേഗത്തിലാക്കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതിനായി മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. റബര്‍കര്‍ഷകരുടെയും തീരദേശവാസികളുടെയും പ്രശ്‌നപരിഹാരത്തിനു മുഖ്യമന്ത്രിയൂം മന്ത്രിമാരും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണ്. റബര്‍ ഇറക്കുമതി നിരോധിക്കണം. കസ്തുരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ച കേരളത്തിന് പ്രത്യേക പരിഗണന നല്‍കണം . ശബരിമല തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നില്‍പ്പ് സമരം അവസാനിപ്പിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top