ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വിപണി സജീവമാക്കുന്നു

ലണ്ടന്‍: ബ്രിട്ടീഷ് ആഢംബരകാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വിപണി വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജെഎല്‍ആറിന്റെ ആദ്യ വിദേശ ഫാക്ടറി ചൈനയില്‍ തുറന്നു. 178 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ആദ്യ മോഡല്‍ റേഞ്ച് റോവര്‍ ഇവോക്കിനു പുറമേ രണ്ടു പുതിയ മോഡലിനു കൂടി കമ്പനി പദ്ധതിയിടുന്നുണ്ട്.

ചൈനയ്ക്ക് അനുയോജ്യമായ മോഡലുകളും വികസിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ചൈനയുടെ സാമ്പത്തിക സിരാ കേന്ദ്രമായ ഷാങ്ഹായ്ക്കടുത്തുള്ള ചാങ്ഷുവിലാണ് ഫാക്ടറി.

പ്രാദേശികമായി ഉല്‍പ്പാദനം നടത്തിയാല്‍ ഇറക്കുമതി ചെലവിലുണ്ടാകുന്ന കുറവ് മുതലെടുക്കാനാണ് കമ്പനിയുടെ ശ്രമം. വിപണിയില്‍ ചുവടുറപ്പിച്ച് ഔഡിയോടും ബെന്‍സിനോടും ബിഎംഡബ്ലിവിനോടും മല്‍സരിക്കാനാണ് ജെഎല്‍ആറിന്റെ ശ്രമം.

ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ജെഎല്‍ആറിന്റെ സവിശേഷ വാഹനങ്ങള്‍ ചൈനയില്‍ സ്വീകരിക്കപ്പെടുമെന്നും ജെഎല്‍ആര്‍ മേധാവി റാല്‍ഫ് സ്‌പേത്ത് പറഞ്ഞു. ജെഎല്‍ആറും പ്രാദേശിക നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഉല്‍പ്പാദനം നടത്തുക.

Top