ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രത്തിലെ ചൈനീസ് സേനാ ഭീഷണിക്ക് തടയിടാന്‍ 50,000 കോടി രൂപയുടെ അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമതി നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയാണ് സുപ്രധാനമായ തീരുമാനം എടുത്തത്.
ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനീസ് നേവിയുടെ സാന്നിധ്യം ഇന്ത്യക്ക് ഭീഷണിയായിരുന്നു. ശ്രീലങ്കന്‍ തീരത്ത് ചൈനീസ് മുങ്ങിക്കപ്പലുകളും എത്തിയിരുന്നു. ഇതോടെയാണ് മുന്‍ യുപിഎ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്ന ആധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ‘പ്രൊജക്ട് 17 എ’ എന്ന പ്രതിരോധ പദ്ധതിക്ക് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. മുങ്ങിക്കപ്പലുകളെ കണ്ടെത്താനും യുദ്ധവിമാനങ്ങള്‍ വഹിക്കാനും കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഏഴ് യുദ്ധക്കപ്പലുകള്‍ മുംബൈയിലെയും, കൊല്‍ക്കത്തയിലെയും ഷിപ്പ്യാര്‍ഡുകളിലായിരിക്കും നിര്‍മ്മിക്കുക.
കാലഹരണപ്പെട്ട മുങ്ങിക്കപ്പലുകളാണ് ഇന്ത്യന്‍ സേന ഉപയോഗിക്കുന്നത് എന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. 18 കാലഹരണപ്പെട്ട ഡീസല്‍ മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ നേവിയുടെ പക്കലുണ്ട്. കഴിഞ്ഞ വര്‍ഷം ഇവയില്‍ ഒന്ന് മുങ്ങി 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മുതല്‍ പുതിയ യുദ്ധക്കപ്പലുകള്‍ വേണമെന്ന ആവശ്യം ഇന്ത്യന്‍ നേവി ഉയര്‍ത്തിയിരുന്നു.


