ചെറു ഡ്രോണ്‍ വിമാനങ്ങള്‍ തകര്‍ക്കാന്‍ ലേസര്‍ സംവിധാനവുമായി ചൈന

ബീജിംഗ്: താഴ്ന്ന് പറക്കുന്ന ചെറു ഡ്രോണ്‍ വിമാനങ്ങള്‍ തകര്‍ക്കാനുള്ള ലേസര്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ചൈന അവകാശപ്പെട്ടു. തീര്‍ത്തും തദ്ദേശീയമായി നിര്‍മിച്ച ലേസര്‍ ആയുധത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഡ്രോണ്‍ അടക്കമുള്ള ശത്രു ലക്ഷ്യങ്ങളെ തകര്‍ക്കാനാകും. വിമാനം കണ്ടെത്തിയ ശേഷം അഞ്ച് സെക്കന്‍ഡിനകം വീഴ്ത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ചൈനാ അക്കാദമി ഓഫ് എന്‍ജിനീയറിംഗ് ഫിസിക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വേഗം, ശബ്ദം തുടങ്ങിയ സവിശേഷതകള്‍ വെച്ച് നോക്കുമ്പോള്‍ ലേസര്‍ സംവിധാനം അത്യന്തം ആധുനികവും ചൈനക്കു മാത്രം സാധ്യമായതും ആണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ‘ചെറു ഡ്രോണുകളെ പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്യുന്നത് സാധാരണഗതിയില്‍ ചാര വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ്.

എന്നാല്‍ ഇവയുടെ വിജയ സാധ്യത വളരെ കുറവാണ്. മാത്രമല്ല, ആള്‍നാശത്തിനും സാധ്യതയേറെയാണ്. ആളില്ലാ വിമാനങ്ങളായ ഡ്രോണുകളെ ഏറ്റവും ഫലപ്രദമായി തകര്‍ക്കാന്‍ പര്യാപ്തമാണ് ലേസര്‍ സംവിധാന’മെന്നും ചൈനാ ജിയുവാന്‍ പൈ ടെക് എക്യുപ്‌മെന്റ് കോര്‍പ് മേധാവി യി ജിന്‍സോംഗ് പറഞ്ഞു. ചെലവ് കുറഞ്ഞവയായതിനാല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ വ്യാപകമായി ഡ്രോണുകള്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പുതിയ മുന്നേറ്റം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.

Top