ചെന്നൈ-മാംഗ്ലൂര്‍ എക്‌സ്പ്രസ് വില്ലുപുരത്തിനടുത്ത് പാളം തെറ്റി; 38 പേര്‍ക്ക് പരുക്ക്

ചെന്നൈ: ചെന്നൈ എഗ്‌മോര്‍ -മാംഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്ത് പൂവനൂരില്‍ പാളം തെറ്റി. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 25 സ്ത്രീകള്‍ അടക്കം 38 പേര്‍ക്ക് പരുക്കുപറ്റിയിട്ടുണ്ട്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് 16859 ചെന്നൈ എഗ്‌മോര്‍ -മാംഗ്ലൂരു എക്‌സ്പ്രസിന്റെ നാല് ബോഗികള്‍ പാളം തെറ്റിയത്. അപകടകാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. റെയില്‍വെ അധികൃതരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അട്ടിമറി സാധ്യത പോലീസ് തളളിക്കളഞ്ഞു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരെ ബസ് മാര്‍ഗം സേലത്തും വില്ലുപുരത്തും എത്തിച്ചിട്ടുണ്ട്.

പരുക്കേറ്റവരില്‍ കൂടുതല്‍ പേരെയും വൃദ്ധാചലം സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെ ഗൂഡല്ലൂര്‍ ജില്ലാ കളക്ടര്‍ എസ് എസ് സുരേഷ്‌കുമാര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആറരയോടെ പാളംതെറ്റിയ ബോഗികള്‍ നീക്കംചെയ്തു. അപകടത്തില്‍പ്പെട്ട ട്രെയിന്‍ യാത്ര പുന:രാരംഭിച്ചു. എന്നാല്‍, മണിക്കൂറുകളോളം ഇതുവഴിയുളള റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവന്നേക്കാം.

Top