ചിലിയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തി; സൂനാമി മുന്നറിയിപ്പ്

സാന്റിയാഗോ: റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തി ചിലിയുടെ വടക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. ഇതേത്തുടര്‍ന്ന് സൂനാമി മുന്നറിയിപ്പു നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തിയ നാല് തുടര്‍ചലനങ്ങളും ഉണ്ടായി.

ഉയര്‍ന്ന തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി. തീരനഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഭൂഖണ്ഡത്തിന്റെ അങ്ങേപ്പുറത്തുള്ള അര്‍ജന്റീനയുടെ തീരനഗരമായ ബ്യൂനസ് ഐറിസില്‍ വരെ ഭൂകമ്പത്തിന്റെ തീവ്രതയറിഞ്ഞു.

2010ല്‍ ശക്തമായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സൂനാമിയിലും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിനു ശേഷം ആദ്യമായാണ് ചിലിയില്‍ ഇത്രവലിയ ഭൂചലനം ഉണ്ടാകുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു മാറിത്താമസിക്കാന്‍ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശാന്തസമുദ്ര തീരത്തുള്ള ചിലിയില്‍ 3,900 കിലോമീറ്റര്‍ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും താഴെയാണ്. മല്‍സ്യബന്ധന ബോട്ടുകള്‍ കടലിലേക്കു മാറ്റി. ജനങ്ങളെയും ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറ്റി. സാന്റിയാഗോയിലെ പ്രധാന വിമാനത്താവളം ഒഴിപ്പിച്ചു.

ഇല്ലാപെല്‍ നഗരത്തിലെ ചില വീടുകള്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഇല്ലാപെല്‍.

ഭൂകമ്പം ശക്തമായ സൂനാമിയെ ഉണ്ടാക്കിയെങ്കില്‍ യുഎസ് സംസ്ഥാനമായ ഹവായില്‍ പ്രദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടുകൂടി വീശിയടിക്കുമെന്നാണ് പസഫിക് സൂനാമി വാര്‍ണിങ് സെന്ററിന്റെ മുന്നറിയിപ്പ്. ന്യൂസിലാന്‍ഡിലും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂനാമിയുണ്ടാകുകയാണെങ്കില്‍ പ്രദേശിക സമയം വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Top